1990 ഓഗസ്റ്റ് രണ്ട് മുതൽ 1991 ഫെബ്രുവരി 28 വരെ നീണ്ടു നിന്ന ഗൾഫ് യുദ്ധം കുവൈത്തിന് മേൽ വലിയ ആഘാതം സൃഷ്ട്ടിച്ച ഒന്നായിരുന്നു. അന്ന് കുവൈത്തിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് പ്രവാസികൾക്കാണ് അന്ന് കുവൈത്ത് വിട്ട് നാടുകളിലേക്ക് തിരിച്ച് പോരേണ്ടി വന്നത്. എന്നാൽ 32 വർഷങ്ങൾക്കിപ്പുറം അത്തരത്തിലുള്ള ഒരു കൂട്ട തിരിച്ചുപോക്കിന്റെ വക്കിലാണ് കുവൈത്തിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ. കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളാണെന്നാണ് കണക്ക്.
സ്വദേശി വത്കരണത്തിന്റെ ഭാഗമായി മിക്കയിടത്തും കുവൈത്ത് പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുമ്പോൾ അവിടെ നിന്നെല്ലാം പ്രവാസികൾ പുറത്താക്കപ്പെടുകയാണ്. സ്വദേശി വത്കരണത്തിന് ഒപ്പം തന്നെ നടക്കുന്ന ഒന്നാണ് എല്ലാ തൊഴിൽ മേഖലയിലും കൂടുതൽ യോഗ്യതകളും പുതുതായി നിശ്ചയിക്കുന്ന മാനദണ്ഡങ്ങളും. ഇത് പ്രവാസികളെ കുഴക്കുന്ന ഒന്നാണ്. വര്ഷങ്ങളായി പല മേഖലയിലും ജോലി ചെയ്യുന്ന കൂടുതൽ പരിചയസമ്പത്തും കുറഞ്ഞ യോഗ്യതകളുമുള്ള പ്രവാസികൾ എല്ലാം തന്നെ ഇതോടെ പുറത്താകും. ഇതിന്റെ നടപടികൾ ആരംഭിച്ച് കഴിഞ്ഞു.
യോഗ്യത പരിശോധിക്കുന്നതിന് ഭാഗമായി അക്കൗണ്ടിംഗ് മേഖലയിൽ നിലവിൽ പരിശോധനയുടെ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കുവൈത്ത് പബ്ലിക് മാന്‍പവര്‍ അതോറിറ്റിയുടെ കീഴിലാണ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സാധുതയുള്ളതും രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുമായ എല്ലാ തൊഴില്‍ പെര്‍മിറ്റുകള്‍ക്കും ഇത് ബാധകവുമായിരിക്കും.
കുവൈത്തില്‍ അക്കൗണ്ടിങ് രംഗത്ത് ജോലി ചെയ്യുന്ന 16,000ല്‍ അധികം പ്രവാസികള്‍ പുതിയ നടപടിയിലൂടെ കടന്നുപോകേണ്ടി വരുമെന്ന് കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്കൗണ്ടിങ് മേഖലയിലെ വിവിധ തസ്‍തികകളില്‍ ജോലി ചെയ്യുന്നവരുടെ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ചും മാന്‍പവര്‍ അതോറിറ്റി വിശദമായ പഠനം നടത്തും. നിലവില്‍ കുവൈത്തില്‍ എഞ്ചിനീയറിങ് രംഗത്ത് ജോലി ചെയ്യുന്നവരുടെ യോഗ്യത പരിശോധിച്ച് അംഗീകാരം നല്‍കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനമുണ്ട്.
ഇതോടൊപ്പം തന്നെ പ്രവാസികൾക്ക് തിരിച്ചടി നേരിടാൻ പോകുന്ന മറ്റൊരു മേഖലയാണ് അധ്യാപക മേഖല. ആയിരത്തിലധികം അധ്യാപകരെ ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ പിരിച്ചുവിടുമെന്നാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ്. വിദ്യാഭ്യാസ മേഖലകൾ സ്‌കൂളുകൾക്ക് എത്ര അധ്യാപകരെ ആവശ്യമുണ്ടെന്നുള്ളത് മെയ് അവസാനത്തിന് മുമ്പ് അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബിരുദ യോഗ്യത നേടുന്ന പുതിയ കുവൈത്തി അധ്യാപകരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്വദേശി വത്കരണത്തിന്റെ ഭാഗമായാണ് നടപടി. കുവൈത്ത് യൂണിവേഴ്സിറ്റിയിലും പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യുക്കേഷൻ ആന്റ് ട്രെയിനിംഗിലും രണ്ടാം സ്കൂൾ ടേം അവസാനിച്ച ശേഷമാകും നടപടികളുണ്ടാവുക. പിരിച്ചുവിടുന്ന പ്രവാസി അധ്യാപകരുടെ എണ്ണം നിശ്ചയിക്കും. 143 അഡ്മിനിസ്‌ട്രേറ്റർമാർ ഉൾപ്പെടുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാരുടെ മറ്റൊരു ലിസ്റ്റ് തയാറാവുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു, അവരുടെ സേവനം ഇനി ആവശ്യമില്ലെന്നും അറിയിച്ചു.
സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന് കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന വിവിധ നടപടികള്‍ ഉള്‍പ്പെടെ പ്രവാസികളുടെ മടങ്ങി പോക്കിന് കാരണമായെന്നാണ് വിലയിരുത്തല്‍. ബിരുദ യോഗ്യതയില്ലാത്ത 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് ഇഖാമ പുതുക്കാന്‍ 800 ദിനാര്‍ (രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഫീസ് ഏര്‍പ്പെടുത്തിയതും താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളിലെ താമസ, തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ട് നടത്തിയ ദൈനംദിന പരിശോധനകളും പ്രവാസികള്‍ വലിയ തോതില്‍ കുവൈത്തില്‍ നിന്ന് മടങ്ങുന്നതിന് കാരണമായിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനും പ്രവാസികൾ വാഹനം വാങ്ങുന്നതിന് ഉൾപ്പടെയും കൂടുതൽ കർശനവും പ്രവാസികൾക്ക് തങ്ങാത്തതുമായ നടപടികൾ കുവൈത്ത് സ്വീകരിക്കുന്നുണ്ട്. ഇതെല്ലാം പ്രവാസികളുടെ വലിയ തോതിലുള്ള മടങ്ങി വരവിന് കാരണമാകും.