മുംബൈ: വാതുവയ്പ്പുകാരനായ പിതാവിന്റെ ക്രിമിനൽ കേസ് ഒതുക്കി തീർക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന് ഒരു കോടി വാഗ്ദാനം ചെയ്ത കേസിൽ മുംബൈയിലെ ഡിസൈനർ അറസ്റ്റിൽ. അനിക്ഷ ജയ്സിൻഘാനിയാണ് മുംബൈ പൊലീസിന്റെ പിടിയിലായത്.
കൈക്കൂലി വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അമൃത പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിക്ഷയ്ക്കും വാതുവെപ്പുകാരനായ പിതാവ് അനിൽ ജയ്സിൻഘാനിക്കുമെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുത്തത്. ഒളിവിൽപോയ അനിലിനായി പൊലീസ് തിരച്ചിൽ തുടരുന്നു.
ഡിസൈനറായി അമൃത ഫഡ്നാവിസിനെ സമീപിച്ച ഇവർ ഒരു കോടി വാഗ്ദാനം ചെയ്യുകയായിരുന്നു. മാതാവില്ലാത്തതടക്കം ചൂണ്ടിക്കാട്ടി സഹതാപം തേടിയായിരുന്നു ഇവരുടെ നീക്കം. തുടർന്ന് അമൃത ഫഡ്നാവിസ് കേസ് കൊടുത്തതോടെയാണ് ഇവർക്കെതിരെ നിയമനടപടിയുണ്ടായത്.
ഫെബ്രുവരി 16ന് തന്റെ പിതാവ് ഒരു കേസിൽ പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തെ രക്ഷിച്ചാൽ ഒരു കോടി രൂപ നൽകാമെന്നും അനിക്ഷ പറഞ്ഞതായി എഫ്ഐആറിൽ പറയുന്നു. ശല്യം ചെയ്യൽ രൂക്ഷമായതോടെ അവരുടെ നമ്പർ ബ്ലോക്ക് ചെയ്തെന്നും ഫെബ്രുവരി 18 നും 19നും അജ്ഞാത നമ്പറിൽ നിന്ന് തനിക്ക് വിഡിയോ, ശബ്ദ സന്ദേശങ്ങൾ ലഭിച്ചെന്നും അമൃത പരാതിയിൽ പറയുന്നു.
നിയമവിദ്യാർഥിയായ അനിക്ഷ താനെ ജില്ലയിലെ ഉൽഹാസ് നഗറിലാണ് താമസിക്കുന്നത്. പിതാവായ അനിലിനെതിരെ വാതുവെപ്പ്, ഭീഷണിപ്പെടുത്തൽ, വഞ്ചന, സർക്കാർ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മഹാരാഷ്ട്ര, ഗോവ, അസം എന്നിവിടങ്ങളിൽ നിരവധി കേസുകളുണ്ട്. ഇതിനെ തുടർന്നാണ് അനിക്ഷ പിതാവിനെ രക്ഷിക്കാൻ രംഗത്തിറങ്ങിയത്.
2009ൽ മുംബൈ ക്രൈംബ്രാഞ്ച് മുൻ ഡിസിപി അമർ ജാദവിനെതിരെ ഉയർന്ന കേസിലാണ് ജയ്സിംഗാനിയുടെ പേര് പുറത്തുവന്നത്. കിക്കറ്റ് മത്സരങ്ങളിൽ വാതുവെപ്പ് നടത്താൻ നിർബന്ധിച്ച് വാതുവെപ്പുകാരനായ അനിലിന്റെ ഭാര്യയെയും മക്കളെയും ബന്ദിയാക്കിയെന്നായിരുന്നു കേസ്. ഇതിനെ തുടർന്ന് ജാദവിനെ ആറ് വർഷത്തേക്ക് അവധിയിൽ പ്രവേശിപ്പിക്കുകയും ശേഷം വിആർഎസ് എടുത്ത് പൊലീസ് സേനയിൽ നിന്ന് പറഞ്ഞയക്കുകയും ചെയ്യുകയായിരുന്നു.