മലപ്പുറം: പുതിയ സംസ്ഥാന ഭാരവാഹികളെച്ചൊല്ലി മുസ്ലീംലീഗിൽ തർക്കം. എം.കെ മുനീറിനെ ജനറൽ സെക്രട്ടറിയാക്കാനായി സമ്മർദമുണ്ട്. മുനീറിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പിഎംഎ സലാമിനായി കുഞ്ഞാലിക്കുട്ടി രംഗത്തുണ്ട്. സംസ്ഥാന കൗൺസിലിന് മുന്നോടിയായി മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ഭാരവാഹികളെ മലപ്പുറത്തേക്ക് വിളിപ്പിച്ചു.
മുസ്ലിം ലീഗിന്റെ സംസ്ഥാന കൗൺസിൽ ശനിയാഴ്ച നടക്കാനിരിക്കെയാണ് പാർട്ടയിൽ തർക്കം രൂക്ഷമായത്. പിഎംഎ സലാമിനെ വീണ്ടും ജനറൽ സെക്രട്ടറിയാക്കാനാണ് പി.കെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ നീക്കം. ഇതിന് തടയാൻ എം.കെ മുനീറിനെ മുൻ നിർത്തി മറുപക്ഷവും നീക്കം തുടങ്ങിയിട്ടുണ്ട്. വേണ്ടി വന്നാൽ മൽസരം നടത്തുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. എന്നാൽ ജില്ലാ സെക്രട്ടറിമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും യോഗം വിളിച്ച് ഭൂരിപക്ഷാഭിപ്രായം എടുക്കാനാണ് പാർട്ടി അധ്യക്ഷന്റെ തീരുമാനം.
യോഗത്തിൽ കൂടുതൽ പേരും സലാമിനെ പിന്തുണയ്ക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷം കരുതുന്നത്. എന്നാൽ സലാമിനെ പിന്തുണയ്ക്കില്ലെന്നാണ് ഇ.ടിയും കെപിഎ മജീദും കെഎം ഷാജിയും അടക്കമുള്ള പ്രമുഖ നേതാക്കളുടെ നിലപാട്.
അതേസമയം, പാർട്ടി ഏൽപ്പിക്കുകയാണെങ്കിൽ അത്തരത്തിലൊരു ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുനീർ അറിയിച്ചതായാണ് വിവരം. മുനീറിന്റെ പേര് നേരത്തെ ചർച്ചകളിലുണ്ടായിരുന്നു എങ്കിലും പരിഗണനാ ലിസ്റ്റിൽ വന്നത് ഇപ്പോഴാണ്.