ഖത്തറിലുള്ള ഇന്ത്യക്കാരായ പ്രവാസികൾക്ക് നാട്ടിലേക്കിനി യു.പി.ഐ സൗകര്യം ഉപയോഗിച്ച് പണമയക്കാം. കമേഴ്സ്യൽ ബാങ്കാണ് ഇന്ത്യയിലേക്ക് പണമയക്കാനുള്ള ഡിജിറ്റൽ സംവിധാനമായ യു.പി.ഐ (യുനിഫൈഡ് പെമെന്റ്സ് ഇന്റർഫേസ്) ഖത്തറിൽ ആദ്യമായി അവതരിപ്പിച്ചത്. 10 രാജ്യങ്ങളിലുള്ള പ്രവാസികൾക്ക് ഇന്റർനാഷനൽ ഫോൺ നമ്പർ ഉപയോഗിച്ച് യു.പി.ഐ പേമെന്റ് സൗകര്യം ആരംഭിക്കാനുള്ള നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) തീരുമാനത്തിനു പിന്നാലെയാണ് ഖത്തറിൽനിന്നുള്ള ആദ്യ ബാങ്കായി കമേഴ്സ്യൽ ബാങ്ക് യു.പി.ഐ ഇടപാടുകൾ ആരംഭിച്ചത്.
ഇതുവഴി, ഖത്തറിലുള്ള ഇന്ത്യക്കാർക്ക് നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് യു.പി.ഐ ഐഡി ഉപയോഗിച്ച് പണം അയക്കാൻ കഴിയുന്നതാണ് സംവിധാനം. 60 സെക്കൻഡിനുള്ളിൽ ഇടപാട് പൂർത്തിയാക്കാൻ കഴിയുന്ന യു.പി.ഐ ഇടപാടുകൾ ഏതുസമയവും ലഭ്യമാവും.