കോഴിക്കോട്: കൊച്ചിയിലേക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കാമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ വാഗ്ദാനത്തിന് കേരളം മറുപടി കൊടുത്തില്ലെന്ന കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ പ്രസ്താവന ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കാനാണോ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഈ കാര്യത്തില്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരണം പറയണമെന്നും സുരേന്ദ്രന് പറഞ്ഞു.
ബ്രഹ്മപുരം സംഭവത്തിൽ ഇതുവരെ മിണ്ടാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത് വെറും പ്രഹസനമാണ്. തീ അണയ്ക്കാൻ ഇത്രയും വൈകിയതിനെ പറ്റി പറയാതെ 13 ദിവസത്തിനുശേഷം തീ അണച്ചത് വലിയ ആനക്കാര്യമായി പറയുകയാണ് മുഖ്യമന്ത്രി. സർക്കാരിന്റെ പരാജയമാണ് തീ അണയ്ക്കുന്നത് ഇത്രയും വൈകാൻ കാരണമെന്നത് മുഖ്യമന്ത്രി മറച്ചുവയ്ക്കുകയാണ്.
ബ്രഹ്മപുരം മാലിന്യ നിർമാർജന കരാർ സോണ്ട കമ്പനിക്കു കൊടുത്തത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. സർക്കാർ തലത്തിൽ നടന്ന അഴിമതി പൊലീസും വിജിലൻസും അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം. കൊച്ചി കോർപറേഷൻ പിരിച്ചുവിടുകയാണ് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെങ്കിൽ മുഖ്യമന്ത്രി ചെയ്യേണ്ടത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ കേന്ദ്ര ഏജൻസികളെ വിളിക്കുകയോ ചെയ്യണം.
ബ്രഹ്മപുരം വിഷയത്തിൽ സഭയിൽ കയ്യാങ്കളിയുണ്ടാക്കി ജനങ്ങളുടെ പ്രശ്നത്തിൽനിന്നു ശ്രദ്ധതിരിക്കാനാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾ ശ്രമിക്കുന്നത്. സർക്കാരിനെ രക്ഷിക്കാനാണ് പ്രതിപക്ഷം സംഘർഷമുണ്ടാക്കുന്നതിനു കൂട്ടുനിന്നത്. കൊച്ചിയിലെ ദുരന്തത്തിനു കാരണം ഇരു മുന്നണികളും തമ്മിലുള്ള പങ്ക് കച്ചവടമാണെന്നു ജനങ്ങൾക്കു ബോധ്യമായി.
ബ്രഹ്മപുരത്തിന് സമാനമായ സാഹചര്യത്തിലാണ് കോഴിക്കോട് ഞെളിയന്‍ പറമ്പുള്ളത്. സോന്‍ഡ കമ്പനിയുടെ കരാര്‍ ഉടന്‍ റദ്ദാക്കാന്‍ കോഴിക്കോട് കോര്പ്പറേഷന് തയ്യാറാവണം. സോന്‍ഡ കമ്പനിക്ക് സംസ്ഥാന സര്‍ക്കാരിലുള്ള പിടിപാടാണ് കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെ കരാര്‍ ഇപ്പോഴും തുടരാന്‍ കാരണമെന്നും കെ.സുരേന്ദ്രന് കുറ്റപ്പെടുത്തി.