തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാണ് പ്രസ്താവന നടത്തുക. ബ്രഹ്മപുരത്ത് ഇതുവരെ നടന്ന സംഭവങ്ങളും, ഇനി അവിടെ സ്വീകരിക്കാൻ പോകുന്ന നടപടികൾ ഉണ്ടെങ്കിൽ അതും സഭയിൽ വിശദീകരിക്കും.
ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ മൗനം നിയമസഭയ്ക്ക് അകത്തും പുറത്തും ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. പ്രശ്നത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം ആക്ഷേപം ഉയര്‍ത്തിയിരുന്നു.
തീപിടിച്ച് 12 ദിവസങ്ങൾക്കുശേഷം തീയണച്ച അഗ്നിരക്ഷാസേനയെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. അഗ്നിരക്ഷാസേനയോടു ചേര്‍ന്നു പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, ബിപിസിഎല്‍, സിയാല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ തുടർ നടപടികൾ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മുഖ്യമന്ത്രിക്ക് കത്തയച്ചു. ആളുകളുടെ രക്തത്തിലെ ഡയോക്സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണം. വിഷപുക ശ്വസിച്ച വളർത്തു മൃഗങ്ങളുടെ പാൽ, രക്തം, മാംസം എന്നിവയിലടങ്ങിയിരിക്കുന്ന ഡയോക്സിന്റെ അളവുംപരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.