കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണ പ്രവര്‍ത്തികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി നല്കാന് മുഖ്യമന്ത്രിയുടെ നിർദേശം. വെള്ളക്കെട്ട് നിവാരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ ആധുനിക മെഷിനുകള്‍ വാങ്ങാനും യോഗത്തില്‍ തീരുമാനമായി. ചെന്നൈ നഗരത്തില്‍ കാനകളിലെ തടസ്സം നീക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള രണ്ട് മെഷിനുകളാണ് വാങ്ങുക. ഒരു മെഷിന് സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയും രണ്ടാമത്തേത് ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയിലും ഉള്‍പ്പെടുത്തിയും വാങ്ങും.
കൊച്ചി കോർപ്പറേഷനിലെ തേവര പേരണ്ടൂർ കനാൽ (ടിപി കനാൽ) പുനരുദ്ധാരണം, കമ്മട്ടിപ്പാടം പ്രദേശത്തെ വെള്ളപ്പൊക്ക ലഘൂകരണം, കലുങ്കുകളുടെ പുനർനിർമ്മാണം, ഡ്രെയിനുകൾ പുനഃസ്ഥാപിക്കൽ, ഒ.ബി.ടി കൊച്ചി കോർപ്പറേഷനിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ കായൽ വരെയുള്ള ഡ്രെയിനേജ് കനാൽ നിർമാണം, ഹൈക്കോടതി ജങ്ഷനു സമീപമുള്ള വെള്ളപ്പൊക്കം ലഘൂകരിക്കലും കൊച്ചി കോർപ്പറേഷനിൽ ബന്ധിപ്പിച്ച ഡ്രെയിനുകളുടെ നവീകരണം എന്നീ പ്രവൃത്തികൾക്കാണ് അനുമതി നല്‍കുക.
അതേസമയം, സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശൂചീകരണയജ്ഞം ഏപ്രില്‍ ഒന്നിന് തുടങ്ങും. മഴക്കാലം വരുന്നതിന് മുന്‍പുതന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
വീടും, സ്ഥാപനവും, പരിസരവും ശുചിയാക്കണം. കൊതുക് മുട്ടയിടാതിരിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാര്‍ഡുതല സമിതികള്‍ ഊര്‍ജിതമാക്കി ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണം.
ശുചിത്വമിഷനുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകളിലും പ്രവര്‍ത്തനം ശക്തമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.