ലക്നോ: മദ്യലഹരിയിൽ ട്രെയിൻ യാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ടിടിഇയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ബെഗുസാറായ് സ്വദേശിയായ മുന്ന കുമാർ ആണ് പിടിയിലായത്. ഇയാളെസര്വീസില് നിന്ന് പിരിച്ചുവിട്ടതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
കോൽക്കത്തയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തുകയായിരുന്ന അകാൽ തക്ത് എക്സ്പ്രസിൽ യാത്ര ചെയ്യുന്ന വേളയിലാണ് കുമാർ അതിക്രമം നടത്തിയത്. ബിഹാറിൽ നിന്ന് അമൃത്സറിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ തലയിലേക്ക് കുമാർ മൂത്രമൊഴിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. തീവണ്ടി ലക്നോവിലെ ഛാർബാഗ് സ്റ്റേഷനിലെത്തിയ വേളയിൽ യുവതി റെയിൽവേ പോലീസിന് പരാതി നൽകി. ഇതേത്തുടർന്ന് കുമാറിനെ ആർപിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവം നടക്കുന്ന വേളയിൽ കുമാർ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നും പരാതിയിന്മേൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
സ്ത്രീകളോട് അനാദരവ് കാണിക്കുന്നത് ഗുരുതരമായ തെറ്റാണ്. ഇതിലൂടെ സ്വയം കളങ്കിതനായതിനൊപ്പം റെയില്‍വേയെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തി. നടപടിക്ക് തക്ക ശിക്ഷ വിധിക്കുന്നത് ഉചിതമാണെന്ന് കരുതുന്നു. ഒരു റെയില്‍വേ ജീവനക്കാരന്റെ പെരുമാറ്റത്തിന് വിരുദ്ധമായ പെരുമാറ്റത്തിന് ഉടനടി പ്രാബല്യത്തോടെ, ജോലിയില്‍നിന്ന് നീക്കം ചെയ്യുന്നു’ മുന്നാ കുമാറിന് റെയില്‍ അധികൃതര്‍ അയച്ച കത്തില്‍ പറയുന്നു. ഒരു തരത്തിലും ഇത്തരം പ്രവൃത്തികള്‍ അനുവദിച്ചുകൊടുക്കാനാകില്ലെന്നും ഒരു ദയയുമില്ലാത്ത നടപടി കൈക്കൊണ്ടുവെന്നും റെയില്‍വേ മന്ത്രിയും വ്യക്തമാക്കി.