കൊല്ലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എംഎസ്എഫ് സ്ഥാനാർത്ഥിയെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. വീട്ടിൽ കേറി കൈയ്യും കാലും തല്ലിയൊടിക്കുമെന്നും പറമ്പിൽ കൂടി അടിച്ചോടിക്കുമെന്നും എസ്എഫ്ഐ വയനാട് ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നു പരാതിയില് പറയുന്നു.
മുട്ടിൽ ഡബ്ല്യു എം ഒ കോളജ് വിദ്യാർത്ഥിയായ സൈനുൽ ആബിദാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജിക്കെതിരെ കൽപറ്റ പൊലീസിൽ പരാതി നൽകിയത്. തിരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാനായി വിദ്യാർത്ഥികളെ വിളിച്ചതിന്റെ പേരിൽ ആക്രമിക്കുമെന്നാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായുള്ള ഫോൺ സംഭാഷണവും പരാതിക്കാരൻ പുറത്തുവിട്ടു.
നേരത്തെ, കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി തൃശൂർ പൊങ്ങണാട് എലിംസ് കോളജിലെത്തിയ കെഎസ്യു ചെയർപേഴ്സൺ സ്ഥാനാർഥിയെ എസ്എഫ്ഐ പ്രവർത്തകർ കാറിനുള്ളിൽ പൂട്ടിയിട്ടതായി പരാതി വന്നിരുന്നു.
തൃശൂർ ലോ കോളജിലെ വിദ്യാർഥിയായ തെരേസ് പി. ജിമ്മിയാണ് ആക്രമണം നേരിട്ടത്. എലിംസ് കോളജിലെ യുയുസി ആയ അക്ഷയ് എന്ന വിദ്യാർഥിയോട് വോട്ട് അഭ്യർഥിക്കാനെത്തിയ വേളയിലാണ് തെരേസിനെതിരെ ആക്രമണം നടന്നത്.
തെരേസ് എത്തിയ കാറിന്റെ താക്കോൽ ഊരിമാറ്റിയ എസ്എഫ്ഐ പ്രവർത്തകർ, കെഎസ്യു നേതാക്കളെ കാറിനുള്ളിൽ അര മണിക്കൂർ നേരം ബന്ധനസ്ഥരാക്കുകയായിരുന്നു. വിയ്യൂർ പൊലീസ് എത്തിയാണ് കാറിൽ നിന്ന് കെഎസ്യു പ്രവർത്തകരെ പുറത്തിറക്കിയത്.
എന്നാൽ എലിംസ് കോളജിലെ യുയുസിയുടെ വോട്ടർ ഐഡി കാർഡ് കെഎസ്യു പ്രവർത്തകർ ബലമായി പിടിച്ച് വാങ്ങിയതാണ് സംഘർഷകാരണണെന്ന് എസ്എഫ്ഐ അറിയിച്ചു.