കൊച്ചി : ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീയണയ്ക്കാൻ അക്ഷീണം പ്രവർത്തിച്ച അഗ്നിരക്ഷാസേനയെ അഭിനന്ദിച്ച് ഹൈക്കോടതി. മാലിന്യ പ്ലാന്റിലെ തീപിടിത്തവും ഇതുമൂലമുണ്ടായ വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ, സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് തീയണക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി പ്രശംസിച്ചത്.
തീകെടുത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൃത്യമായ അംഗീകാരവും റിവാർഡും സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സോൺടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് വ്യക്തമായതിനാൽ, ബ്രഹ്മപുരത്ത് പുതിയ ടെൻഡർ വിളിച്ചുവെന്ന് കോർപ്പറേഷനും കോടതിയെ അറിയിച്ചു. ഇതോടെ ടെൻഡർ വിശദാംശങ്ങൾ അറിയിക്കാൻ കോടതി കോർപ്പറേഷന് നിർദ്ദേശം നൽകി.
അഗ്നിരക്ഷാസേനയെ അഭിനന്ദിച്ച് മന്ത്രി പി രാജീവും രംഗത്തെത്തി. 12 ദിവസവും 24 മണിക്കൂർ സമയം പ്രയത്നിച്ച അഗ്നിശമനസേനാംഗങ്ങളുടെ സന്തോഷവും പ്രതികരണവും എത്രമാത്രം കഠിനമായിരുന്നു ഈ ദൗത്യമെന്നതിന്റെ തെളിവാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പ്രദേശത്തെ വായു ഗുണ നിലവാര സൂചിക( Air Quality Index) ഇപ്പോൾ സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കുന്നതിനായി ജില്ലയിലെ മാലിന്യ സംസ്കരണം സുഗമമാക്കാനുള്ള സമഗ്ര കര്‍മപദ്ധതി അതിവേഗം നടപ്പിലാക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കും. ആസൂത്രണം ചെയ്തതുപ്രകാരം തന്നെ കർമ്മപരിപാടി പ്രാവർത്തികമാക്കും. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ കഴിഞ്ഞ 12 ദിവസമായി 24 മണിക്കൂറും തീ അണയ്ക്കുന്നതിനും പുക നിയന്ത്രണ വിധേയമാക്കുന്നതിനും പരിശ്രമിച്ച കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റിനും സേനാംഗങ്ങൾക്കും മന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ ത്യാഗ പൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഇവരോടൊപ്പം ഊര്‍ജിതമായി പ്രവര്‍ത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, ബി പി സി എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍ എന്‍ ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്.
തീ അണഞ്ഞെങ്കിലും ജാഗ്രതയോടെ നിരീക്ഷണം തുടരും. അഗ്നി രക്ഷാ സേനയുടെ മാർഗനിർദേശങ്ങളനുസരിച്ച് ജില്ലാ ഭരണകൂടം പ്രവർത്തിക്കും. കാവൽക്കാർ, കാമറകൾ തുടങ്ങിയ സംവിധാനങ്ങളും പ്രവർത്തനക്ഷമമായിരിക്കും. ഒപ്പം അന്തരീക്ഷവായുവും മെച്ചപ്പെടുന്നുണ്ടെങ്കിലും നിരന്തരമായുള്ള നിരീക്ഷണവും തുടരുന്നതാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് മതിയായ സൗകര്യമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്. തീവ ഗൗരവതരമായ കണ്ടെത്തലുകളാണ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. മാലിന്യ സംസ്കരണത്തിന് ആവശ്യമായ സ്ഥലം ബ്രഹ്മപുരം പ്ലാന്റിൽ ഇല്ല. പദ്ധതി പ്രദേശത്തെ കെട്ടിടങ്ങൾ പലതും നശിച്ചു.നിലവിലുള്ള കെട്ടിടങ്ങൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണമെന്നും സമയബന്ധിതമായി ബയോമൈനിങ് പൂർത്തിയാക്കാൻ ആവശ്യമായ യന്ത്രങ്ങൾ പ്ലാന്റിൽ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.