ലഹോർ: തോഷഖാന കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടി അധ്യക്ഷനുമായ ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലമാബാദ് പൊലീസിന്റെ നീക്കം. ഇസ്ലമാബാദ് പൊലീസ് ഇമ്രാൻ ഖാന്റെ ലഹോറിലെ വസതിക്കു സമീപമെത്തി. ഇമ്രാന്റെ വീട്ടിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് കണ്ടെയ്നറുകൾ സ്ഥാപിച്ചു തടഞ്ഞു.
അറസ്റ്റ് തടയാനുറച്ച് പിടിഐ പ്രവർത്തകരും നിരന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പോലീസിനു നേരെ പിടിഐ പ്രവർത്തകർ കല്ലെറിഞ്ഞു. ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് പോലീസ് ശ്രമിക്കുന്നത്.
ഇമ്രാന്റെ വസതി സ്ഥിതി ചെയ്യുന്ന സമാൻ പാർക്കിന് പുറത്ത് ഒത്തുകൂടാൻ പ്രവർത്തകരോട് പിടിഐ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെ ലഹോറിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.
തോഷാഖാന കേസിൽ തുടർച്ചയായി ഹാജരാകാതെ ഇരുന്നതോടെയാണ് ഇസ്ലാമാബാദ് ജില്ലാ സെഷൻസ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മാർച്ച് 18നകം മുൻ പ്രധാനമന്ത്രിയെ കോടതിയിൽ ഹാജരാക്കാനും കോടതി പോലീസിനോട് നിർദേശിച്ചിരുന്നു.
പാക് ഭരണാധികാരികൾക്കു വിദേശ പ്രതിനിധികളിൽനിന്നു ലഭിക്കുന്ന സമ്മാനങ്ങൾ തോഷാഖാനയ്ക്കു (ട്രഷറി) കൈമാറണമെന്നാണു ചട്ടം. ഭരണാധികാരികൾ പിന്നീടു ചെറിയ വില നല്കി ഇവ തിരിച്ചുവാങ്ങുകയും ചെയ്യും. ഒരുവർഷം മുൻപ് അവിശ്വാസത്തിൽ അധികാരം നഷ്ടപ്പെട്ട ഇമ്രാൻ, തോഷാഖാനയിൽനിന്നു തിരിച്ചുവാങ്ങിയ സമ്മാനങ്ങളെക്കുറിച്ചും അതു വിറ്റു ലഭിച്ച ലാഭത്തെക്കുറിച്ചും വെളിപ്പെടുത്തൽ നടത്താത്തതുമായി ബന്ധപ്പെട്ടാണു കേസ്.