തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ആളപായമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. 39 യാത്രക്കാരുമായി ചിറയിന്‍കീഴില്‍ നിന്ന് കണിയാപ്പുരത്തേയ്ക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. ചിന്‍യിന്‍കീഴ് കാറ്റാടിമുക്കില്‍ ഇന്ന് രാവിലെ 11.45 ഓടേയാണ് സംഭവം. 

പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികില്‍ നിര്‍ത്തി യാത്രക്കാരോട് വാഹനത്തിന് പുറത്തേയ്ക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനിടെ തീ ആളിപ്പടരാന്‍ തുടങ്ങുകയും ബസ് കത്തി നശിക്കുകയുമായിരുന്നു. അതേസമയം, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് വിഭാഗം തീ അണച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പരാതിയില്‍ ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.