കോഴിക്കോട്: മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കേരളത്തിലെത്തി. കുടുംബാംഗങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ സിദ്ദിഖ് കാപ്പാനെ സ്വീകരിച്ചു. ജയിൽ മോചിതനായെങ്കിലും ജാമ്യ വ്യവസ്ഥകൾ പ്രകാരം ആറു ആഴ്ച ഡൽഹിയിൽ കഴിയുകയായിരുന്നു കാപ്പൻ.
27 മാസം നീണ്ട ജയിൽവാസത്തിന് ശേഷമായിരുന്നു സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിനു വഴിയൊരുങ്ങിയത്.
ലക്നൌ ജയിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ തന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവർത്തകരോടും നന്ദിയറിയിച്ചിരുന്നു.
ഹാഥ്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ 2020 ഒക്ടോബർ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന് കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്ന്ന് യു എ പി എ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു.