തിരുവനന്തപുരം: ഓസ്കാർ നേടിയ “നാട്ടു നാട്ടു’ ഗാനത്തയും സംഗീതം നല്കിയ എം.എം. കീരവാണിയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ സിനിമയെ കീരവാണിയും സംഘവും പുതിയ തലത്തിലേക്ക് ഉയർത്തിയെന്നും ചരിത്രനിമിഷത്തിൽ താൻ അഭിമാനിക്കുന്നു എന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കീരവാണിയെയും എസ്.എസ്.രാജമൗലിയെയും ജൂനിയർ എൻ.ടി.ആറിനെയും രാം ചരണിനെയും ടാഗ് ചെയ്താണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.
മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ “നാട്ടു നാട്ടു’ എന്ന ഗാനം ഓസ്കാർ നേടിയത്.
കീരവാണിയാണ് ഗാനത്തിനു സംഗീതം നല്‍കിയത്. കനുകുന്താള സുഭാഷ് ചന്ദ്രബോസാണ് ഗാനത്തിന്റെ വരികൾ കുറിച്ചിരിക്കുന്നത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്കര് പുരസ്ക്കാരം. ‘ദേവരാഗം’ അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. ഇരുപത് ട്യൂണുകളിൽ നിന്നും ‘ആർആർആർ’ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന ‘നാട്ടുവി’ലേക്ക് എത്തിയത്.