ഐബിഎം ലാബിൻ്റെ പ്രവർത്തനം കൊച്ചിയിൽ ആരംഭിച്ച് 8 മാസത്തിനുള്ളിൽ 750 പേരെ പുതുതായി നിയമിച്ചതായി ഐബിഎം സീനിയർ വൈസ് പ്രസിഡൻ്റ് ദിനേശ് നിർമൽ. വ്യവസായ മന്ത്രി പി രാജീവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദിനേശ് നിർമ്മൽ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന് സർക്കാരിൻ്റെ ഭാഗത്ത് നിന്നും പൂർണസഹകരണം ലഭ്യമാക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കേരളത്തിലെ പ്രവർത്തനാന്തരീക്ഷത്തിൽ പൂർണ തൃപ്തരാണെന്ന് ഐബിഎം മന്ത്രിയെ അറിയിച്ചു. കേരളത്തിലെ ക്യാമ്പസുകളിൽ നിന്നുതന്നെ ഐബിഎമ്മിന് ആവശ്യമായ നൈപുണ്യമുള്ള വിദ്യാർഥികളെ ലഭിക്കുന്നുണ്ട്.
പ്രധാനപ്പെട്ട നിരവധി പ്രോജക്ടുകൾ കേരളത്തിലെ ഐബിഎം യൂണിറ്റ് വഴിയാണ് നടപ്പിലാക്കുന്നത്. ഇത് ഭാവിയിൽ ലോകത്തിലെ തന്നെ ഐബിഎമ്മിൻ്റെ പ്രധാന സെൻ്ററായി കേരളം മാറുന്നതിന് വഴിയൊരുക്കുമെന്ന് ദിനേശ് നിർമ്മൽ വ്യക്തമാക്കി. ഇത്രയും പ്രധാനപ്പെട്ട കമ്പനിയുടെ സുപ്രധാന നേതൃ സ്ഥാനത്ത് ഒരു മലയാളിയാണെന്നതിലുള്ള സന്തോഷം മന്ത്രി പി രാജീവ് ദിനേശ് നിർമ്മലുമായി പങ്കുവെച്ചു. കോളേജുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ സ്കിൽ ഡവലപ്മെൻ്റ് പരിശീലനം നൽകാനുള്ള സന്നദ്ധത ഐബിഎം അറിയിച്ചിട്ടുണ്ട്. കൊച്ചി സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല, ഡിജിറ്റൽ സർവ്വകലാശാല എന്നീ സർവകലാശാലകളുമായും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ ഐബിഎം പദ്ധതി തയ്യാറാക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളിൽ ഒന്നായ ഐബിഎം 2022 സെപ്തംബറിലാണ് പുതിയ ഡെവലപ്മെൻ്റ് സെൻ്റർ കൊച്ചിയിൽ ആരംഭിച്ചത്. ഹൈബ്രിഡ് ക്ളൗഡ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവർത്തനങ്ങളാണ് പുതിയ സെന്ററിൽ നടന്നുവരുന്നത്. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ഡാറ്റ, ആർട്ടിഫിഷ്യൽ
ഇൻ്റലിജൻസ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ നൂതനമായ ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ഐബിഎമ്മിൻ്റെ പ്രശംസ സംസ്ഥാനത്തിൻ്റെ ഐടി/ഐടി അനുബന്ധ വ്യവസായ മേഖലയ്ക്ക് വലിയ കുതിപ്പു നൽകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിലേക്ക് കൂടുതൽ കമ്പനികളെ ആകർഷിക്കുന്നതിനും ഐബിഎം പോലുള്ള കമ്പനികളുടെ സാന്നിധ്യം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.