ചെന്നൈ: തന്നെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതി അറസ്റ്റിൽ. കൈകളിലും മുഖത്തും പൊള്ളലേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.
തമിഴ്നാട്ടിലെ ഈറോഡിൽ ശനിയാഴ്ചയാണ് സംഭവം. ഈറോഡ് വർണാപുരം സ്വദേശിയായ കാർത്തിയാണ് ആക്രമണത്തിന് ഇരയായത്. ഇയാളുടെ ബന്ധു കൂടിയായ മീനാദേവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെരുന്തുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് കാർത്തി ജോലി ചെയ്യുന്നത്. ബന്ധുവായ മീനാദേവിയുമായി കാർത്തിക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. മീനാദേവിയെ വിവാഹം കഴിക്കാമെന്ന് കാർത്തി ഉറപ്പുനൽകിയിരുന്നു.
എന്നാൽ മറ്റൊരു പെൺകുട്ടിയുമായി കാർത്തിയുടെ വിവാഹ നിശ്ചയം നടക്കാൻ പോവുകയാണെന്നറിഞ്ഞ മീനാദേവി ശനിയാഴ്ച കാർത്തിയെ കാണാനെത്തി. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി, തുടർന്ന് മീനാദേവി കാർത്തിയുടെ മേൽ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് മീനാദേവിയെ അറസ്റ്റ് ചെയ്തു.