തൃശൂർ: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലോ അല്ലെങ്കിൽ കണ്ണൂരിലോ മത്സരിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി. തൃശൂരിൽ ബിജെപിയുടെ പൊതുയോഗത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
താൻ മത്സരിക്കുന്ന കാര്യത്തിൽ രണ്ടു നേതാക്കന്മാർ മാത്രമാണ് തീരുമാനമെടുക്കേണ്ടത്. മറ്റാർക്കും അതിൽ അവകാശമില്ല. അങ്ങനെ മത്സരിക്കുകയാണെങ്കിൽ തൃശൂർ അല്ലെങ്കിൽ കണ്ണൂർ നൽകണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
‘തൃശൂര്‍ എനിക്ക് വേണം. ഈ തൃശൂർ എനിക്ക് തരണം. തൃശൂര്‍ മാത്രമല്ല കണ്ണൂരും വേണമെങ്കിൽ മത്സരിക്കും. ഇരട്ട ചങ്കുണ്ടായത് ലേലത്തിലാണ്. അതിനുശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ടചങ്കുകളായത്. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസ്സിലാക്കിക്കോ. കേരളം ഞാൻ എടുത്തിരിക്കും. ഒരു സംശയവും വേണ്ട.’-സുരേഷ് ഗോപി പറഞ്ഞു.
‘ബ്രഹ്മപുരം വിഷയം കൈകാര്യം ചെയ്യാൻ പ്രാപ്തിയില്ലെങ്കില്‍ കേന്ദ്രത്തോട് അപേക്ഷിക്കണം, ഇവിടെ എന്താണ് നടക്കുന്നത്? ജനങ്ങള്‍ സംസ്ഥാന സർക്കാരിനോട് കാലു പിടിച്ച് അപേക്ഷിക്കുന്നു’. സുരേഷ് ഗോപി പറഞ്ഞു
സഹകരണ സ്ഥാപനങ്ങളിലെ അഴിമതികളുമായി ബന്ധപ്പെട്ട വിഷയങ്ങളും സുരേഷ് ഗോപി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സഹകരണ സ്ഥാപനങ്ങള്‍ കോർപറേറ്റീവ് നിയമത്തിന്റെ കീഴിൽ കൊണ്ട് വരണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം.
വിഷുവിനു വീണ്ടും താന്‍ വരുമെന്നും കൈനീട്ടം കൊടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘വിഷുവിനു ഞാന്‍ വീണ്ടും വരും, കൈനീട്ടം കൊടുക്കും, ആളുകൾ കാല് തൊട്ട് തൊഴുകയും ചെയ്യും, ഞാൻ തടയില്ല, ആർക്കൊക്കെ എന്തൊക്കെ പൊട്ടുമെന്ന് കാണണം.’ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥി സുരേഷ് ഗോപിയാണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാണിതെന്ന് നേരത്തേ വിലയിരുത്തലുകളുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം കണ്ണൂർ നിന്ന് മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. കേരളത്തില്‍ തൃശൂര്‍ ആണ് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായി ബിജെപി കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപി മൂന്നു ലക്ഷത്തിനടുത്ത് വോട്ട് നേടിയിരുന്നു.