കൊച്ചി: ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആരോഗ്യമന്ത്രി.
മുന്‍കരുതലിന്റെ ഭാഗമായി കൊച്ചിയിലുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കണം. പ്രായമായവരും കുട്ടികളും രോഗികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷയെഴുതാന്‍ പോകുന്ന കുട്ടികള്‍ അടക്കം മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പുകയെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങളുമായി 899 പേരാണ് ഇതുവരെ ചികിത്സ തേടിയത്. തലവേദന, കണ്ണുനീറ്റല്‍, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണ്. ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ട് ഭയപ്പെടരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ജനങ്ങളുടെ ആശങ്കയകറ്റാന്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. മൊബൈല്‍ യൂണിറ്റുകളുടെ സേവനവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.