തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു ഇന്‍സ്പെക്ടറെ കൂടി പൊലീസ് സേനയില്‍നിന്ന് പിരിച്ചുവിട്ടു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര് ശിവശങ്കരനെയാണ് പിരിച്ചുവിട്ടത്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്താണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. കേരള പൊലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി.
ഇയാള്‍ക്കെതിരേ ബലാത്സംഗം, വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. 11 തവണ വകുപ്പ് തല നടപടിയും നേരിട്ട ഉദ്യോഗസ്ഥനാണ് ശിവശങ്കരന്. പരാതിക്കാരിയോട് ലൈംഗികാതിക്രമം നടത്തിയതായും അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.
നേരത്തെ നടപടികളുടെ ഭാഗമായി ഡി.ജി.പി ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ശിവശങ്കരന്റെ മറുപടിയിൽ ഡി.ജി.പി കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും വാദങ്ങൾ വിലയിരുത്തി. ഉദ്യോഗസ്ഥന്റെ വാദമുഖങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉടനടി പ്രാബല്യത്തിൽ വരത്തക്കവിധം സർവീസിൽ നിന്ന് നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
ശിക്ഷണനടപടികൾ പലതവണ നേരിട്ടിട്ടും ഉദ്യോഗസ്ഥൻ തുടർച്ചയായി ഇത്തരം കേസുകളിൽ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാൽ പൊലീസിൽ തുടരാൻ യോഗ്യനല്ലെന്നു ഉത്തരവിൽ പറയുന്നു.