തിരുവനന്തപുരം: യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാൻ നിയമനിർമാണം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. നിയമത്തിന്റെ കരടിന് ഇടതുമുന്നണി അംഗീകാരം നൽകി. സുപ്രിംകോടതി വിധിക്ക് എതിരാകാതെ ഇരുവിഭാഗത്തിനും ആരാധനാ സ്വാതന്ത്ര്യം നൽകുന്നതാണ് ബിൽ.
ഇരുവിഭാഗങ്ങളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയമനിര്‍മ്മാണം എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. സുപ്രീംകോടതി വിധിക്ക് എതിരാകാതെ ആരാധനാസ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയമം നിര്‍മിക്കും എന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട ബില്ലിന്റെ കരടിന് ഇടതു മുന്നണി അംഗീകാരം നല്കി. മന്ത്രി പി. രാജീവാണ് ഇടതുമുന്നണി യോഗത്തില്‍ ബില്ലിന്റെ കരട് അവതരിപ്പിച്ചത്.
ഏറെക്കാലമായി നിലനിൽക്കുന്നതാണ് യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം. ഇത് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടക്കം ചർച്ച നടത്തിയിരുന്നു. ഇതിനൊടുവിലാണ് നിയമനിർമാണത്തിലേക്ക് കടക്കാൻ സർക്കാർ തീരുമാനിച്ചത്. പള്ളികളുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിന് നൽകി യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്ന രീതിയിലാണ് നിയമനിർമാണം നടത്തുന്നത്.