കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തിയ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ വസതിയിലേക്ക് മടങ്ങി. കൊച്ചിയിലെ ഓഫീസിൽ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇഡി രവീന്ദ്രനെ വിട്ടയച്ചത്.
ഇന്നലെയും പത്തര മണിക്കൂര്‍ സി. എം രവിന്ദ്രനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴി, വാട്സപ്പ് ചാറ്റുകള്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. മൊഴി പരിശോധിച്ച ശേഷംതുടര്‍ നടപടികളില്‍ തീരുമാനമെടുക്കാനാണ് ഇ.ഡിയുടെ നീക്കം.
ലൈഫ് മിഷന് കോഴയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സി.എം.രവീന്ദ്രന്റെ അറിവോടെയാണെന്നായിരുന്നു സ്വപ്നയുടെ മൊഴി. രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും എം.ശിവശങ്കറും നടത്തിയ വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ഈ കാര്യങ്ങളില്‍ ഉള്‍പ്പെടെ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യല്‍.
ആദ്യ തവണ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഒഴിവായിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകൾക്കും അപ്പുറം കേസിൽ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതൽ കാര്യങ്ങൾ ഇഡിക്ക് കണ്ടെത്താനാകുമോ എന്ന ചോദ്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയരുന്നു.