ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി. സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ അംഗീകരിച്ചു. എന്‍സിപിയുടെ പിന്തുണ കൂടി ആയതോടെ, നാഗാലന്‍ഡില്‍ ബിജെപി സഖ്യ സര്‍ക്കാരിന് പ്രതിപക്ഷമില്ലാതെയായി.
60 അംഗ നിയമസഭയിൽ ഏഴ് സീറ്റാണ് എൻസിപിക്ക് ലഭിച്ചത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയെന്ന നിലയ്ക്ക് ലഭിക്കേണ്ടിയിരുന്ന പ്രതിപക്ഷ നേതൃപദവി വേണ്ടെന്ന് വച്ചാണ് എൻസിപി ബിജെപിക്ക് പിന്തുണ നൽകുന്നത്. സംസ്ഥാന താൽപര്യത്തിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് പാർട്ടി അറിയിച്ചു.
നിയമസഭയിൽ എന്‍ഡിപിപി, ബിജെപി എന്നീ പാർട്ടികൾക്ക് യഥാക്രമം 25,12 സീറ്റുകൾ വീതമാണ് ലഭിച്ചത്. എന്‍ഡിപിപിയുടെ നെഫ്യു റിയോ അഞ്ചാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് എന്‍സിപി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ കോൺഗ്രസ് – ശിവസേന – എൻസിപി സഖ്യമായ മഹാ വികാസ് ആഘാഡി രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കാലത്താണ് എൻസിപിയുടെ ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്.