ബംഗളൂരു: കർണാടകയിലെ വോട്ടർ പട്ടികയിൽ അനധികൃതമായി തിരുത്തലുകൾ വരുത്തിയെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി കോൺഗ്രസ്. ന്യൂനപക്ഷ, ദളിത് വോട്ടർമാരെ തെരഞ്ഞുപിടിച്ച് പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുകയും വ്യക്തിപരമായ ഡേറ്റ, സുരക്ഷാമാനദണ്ഡങ്ങൾ മറികടന്ന് കൈവശം വയ്ക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ചിലുമെ ഗ്രൂപ്പിനെതിരെയാണ് കോൺഗ്രസിന്റെ പരാതി. ഭരണമുന്നണിക്കൊപ്പം ചേർന്ന് ചിലുമെ ഗ്രൂപ്പ് വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം.
ബംഗളൂരുവിലെ ശിവാജിനഗർ മണ്ഡലത്തിൽ മാത്രം 9,915 വോട്ടർമാരെ പട്ടികയിൽ നിന്ന് അനധികൃതമായി ഒഴിവാക്കാൻ ശ്രമിച്ചെന്നും പാർട്ടി ആരോപിക്കുന്നു. ന്യൂനപക്ഷ, ദളിത് വോട്ടർമാരുടെ ശക്തമായ സാന്നിധ്യമുള്ള 91 ബൂത്തുകൾ തേടിപ്പിടിച്ചാണ് ലിസ്റ്റ് വെട്ടിത്തിരുത്തിയതെന്നും പരാതിയുണ്ട്.