തിരുവനന്തപുരം: പെണ്‍കുട്ടികള്‍ ഏത് രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് സി.പി.എം നിര്‍ദേശിക്കേണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. വസ്ത്രധാരണത്തിന്റെ പേരിൽ വനിതകളെ അപമാനിക്കാൻ സിപിഎം നേതാക്കൾക്ക് നാണമില്ലേയെന്നും കെപിസിസി യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.സുധാകരൻ ചോദിച്ചു.
പോലീസിനെയും മുഖ്യമന്ത്രിയെയും സംസ്ഥാന സെക്രട്ടറി നിയന്ത്രിക്കണം. സാമ്പത്തിക നിലയില്‍ മാത്രമല്ല എല്ലാ നിലയിലും അധഃപതിച്ച മുഖ്യമന്ത്രിയാണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകയെ അപമാനിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവനയില്‍ തനിക്ക് ഒരു അത്ഭുതവുമില്ലെന്ന് സുധാകരൻ പറഞ്ഞു. എന്നാല്‍, സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം.വി ഗോവിന്ദന്റെ വാക്കുകളില്‍ തനിക്ക് അത്ഭുതമുണ്ട്. വസ്ത്രധാരണം വ്യക്തികളുടെ തീരുമാനമാണ്. പെണ്‍കുട്ടികള്‍ ഏത് രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് സി.പി.എം നിര്‍ദേശിക്കേണ്ടതില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സംബന്ധിച്ച വിഷയം സമഗ്രമായി അന്വേഷിക്കണം. കലക്ടറെയല്ല, കോർപറേഷനെയാണ് പിരിച്ചു വിടേണ്ടത്. ഇന്നത്തെ സ്ഥിതിയുടെ ഉത്തരവാദികൾ കോർപറേഷനാണ്. സർക്കാരിനെതിരെ ഇടതുപക്ഷത്തുനിന്നുപോലും വിമർശനം ഉയരുകയാണ്. ഇടതുപക്ഷത്തിൽ പുനർവിചിന്തനം നടക്കുന്നു എന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം കാണിക്കുന്നത്.
സി.പി.എം നിലവില്‍ ആര്.എസ്.എസ്സുമായി അടുത്ത ബന്ധത്തിലാണ്. അവരുടെ വാക്കുകള്‍ കടമെടുത്താണ് എം.വി ജയരാജന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ വംശീയമായി അധിക്ഷേപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ഒരു വര്‍ഷത്തെ പരിപാടികളോടെ ആഘോഷിക്കുമെന്ന് കെ. സുധാകരന് പറഞ്ഞു. മാര്‍ച്ച് 30-ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. ആഘോഷവുമായി ബന്ധപ്പെട്ട് 5 പ്രചാരണ ജാഥകൾ 28, 29 തീയതികളിൽ നടക്കും. മാർച്ച് 13ന് കേന്ദ്രനയങ്ങൾക്കെതിരെ രാജ്ഭവൻ മാർച്ച് നടത്തും.