തിരുവനന്തപുരം: കെപിസിസി ഭാരവാഹിയോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷവിമർശനം. പുനഃസംഘടന വൈകുന്നതിലും ചർച്ചകൾ കൂടാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉയർത്തി. വർക്കിംഗ് പ്രസിഡണ്ടായ താൻ പോലും ഒന്നും അറിയുന്നില്ലെന്നും ഭാരവാഹികളുടെ പട്ടികയിൽ പുതുതായി 60 പേരെ കൂട്ടിച്ചേർത്തത് ഒരു ആലോചനയും ഇല്ലാതെയാണെന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.
പാർട്ടിയിൽ യാതൊരു വിധത്തിലുള്ള കൂടിയാലോചനകളും നടക്കുന്നില്ല, ഡയലോഡ്, ഡിസ്കഷൻ, ഡിസിഷൻ എന്നതായിരുന്നു കോൺഗ്രസിന്റെ രീതി. ഈ മൂന്ന് ‘ഡി’കളും നേതൃത്വം മറന്നിരിക്കുകയാണ് എന്ന വിമർശനമാണ് ഇന്ന് ചേർന്ന ഭാരവാഹി യോഗത്തിലെ കൊടിക്കുന്നിൽ സുരേഷിന്റെ പ്രധാന ആരോപണം.
ഒപ്പം തന്നെ പട്ടിക വിഭാഗങ്ങൾക്കുള്ള സംവരണം പാലിക്കണമെന്ന ആവശ്യവും കൊടിക്കുന്നിൽ സുരേഷ് യോഗത്തിൽ ഉയർത്തി. പുനഃസംഘടനാ നടപടികൾ വൈകുന്നതിലുള്ള അതൃപ്തിയും ഇന്നത്തെ ഭാരവാഹി യോഗത്തിൽ ഉയർന്നിട്ടുണ്ട്.
പുനസംഘടന അനന്തമായി വൈകുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നായിരുന്നു സുധാകരൻറെ നിലപാട്. ഭാരവാഹികൾ പ്രശ്നപരിഹാരത്തിന് കൂടുതൽ മുൻകയ്യെടുക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.