മഹാത്മാ ഗാന്ധിയെക്കുറിച്ച് ലോക ഭാഷകളില്‍ പതിനായിരക്കണക്കിനു കൃതികളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രിയ പത്നി കസ്തൂര്‍ബാ ഗാന്ധിയെക്കുറിച്ച് പഠനങ്ങളോ ലേഖനങ്ങളോ അധികമുണ്ടായിട്ടില്ല. സൂര്യനെപ്പോലെ ജ്വലിച്ചു നിന്ന മഹാത്മാ ഗാന്ധിയുടെ നിഴല്‍ പറ്റി ജീവിച്ചതു കൊണ്ടാകാം കസ്തൂര്‍ബാ പാര്ശ്വവല്ക്കരിച്ചു പോയത്. 1869 ല്‍ ഗുജറാത്തിലാണ് കസ്തൂര്‍ബാ ജനിച്ചത്.
ഗാന്ധിജി സത്യാഗ്രഹത്തിന്റെ ശാസ്ത്രവും കലയും അഭ്യസിച്ചത് കസ്തൂര്‍ബായില്‍ നിന്നാണ്. ആദര്‍ശ നിഷ്ഠയിലധിഷ്ഠിതമായ പിടിവാശി ഗാന്ധിജിയ്ക്ക് ജന്മനാ ഉണ്ടായിരുന്നു. 13 വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് മോഹന്‍ദാസ് കസ്തൂര്‍ബായെ വിവാഹം കഴിച്ചത്. തന്റെ ചൊല്പടിക്കു നില്ക്കുന്നവളായിരിക്കണം തന്റെ വധുവെന്ന് മോഹന്‍ദാസ് പറഞ്ഞിരുന്നു. വിവാഹിതയാകുമ്പോള്‍ കസ്തൂര്‍ബായ്ക്ക് അക്ഷരാഭ്യാസമോ ലോക ഗ്രാഹ്യമോ ഇല്ലായിരുന്നു. മോഹന്‍ ദാസിന്റെ അമ്മയാണ് പുരാണ കഥകള്‍ കസ്തൂര്‍ബായ്ക്ക് പറഞ്ഞു കൊടുത്തത്.
ബാല്യകാല ലീലകളായിരുന്നു അവര്‍ക്കു ദാമ്പത്യം. മോഹന്‍ ദാസിനേക്കാള്‍ മൂന്നാലു മാസം മൂത്തതായിരുന്നു കസ്തൂര്‍ബാ. കൗമാരത്തില്‍, 16ാം വയസ്സില്‍ ഗര്‍ഭിണിയായി. ആദ്യ ആണ്‍കുഞ്ഞ് ജനിച്ച് അധികം താമസിയാതെ മരിച്ചു. പില്ക്കാലത്ത് അവര്‍ക്ക് നാലു മക്കളുണ്ടായി – ഹീരാലാല്‍, മണിലാല്‍, രാംദാസ് , ദേവദാസ്. അവരെ വളര്‍ത്താന്‍ കസ്തൂര്‍ബാ കുറച്ചേറെ കഷ്ടതയനുഭവിച്ചു. കുടുംബ കാര്യം ശ്രദ്ധിക്കാന്‍ മോഹന്‍ ദാസിനു നേരമുണ്ടായിരുന്നില്ല. കസ്തൂര്‍ബാ ഏറെ വ്യസനിച്ചു. ഒറ്റപ്പൊടലിന്റേയും ഏകാന്തതയുടേയും കാലം. പതിവ്രതയായ കസ്തൂര്‍ബാ ഭര്‍ത്താവിനെ കണ് കണ്ട ദൈവമായി കരുതി ജീവിച്ചു.
മോഹന്‍ദാസ് അവരെ ഗുജറാത്തി ഭാഷ പഠിപ്പിച്ചു. ദിനപ്പത്രങ്ങള്‍ വായിക്കാനും ഭഗവത് ഗീത വായിക്കാനും പരിശീലിപ്പിച്ചു. ഇതിനിടയ്ക്ക് മൂന്നു വര്‍ഷം ബാരിസ്റ്റര്‍ പരീക്ഷയ്ക്കു പഠിക്കാന്‍ ഗാന്ധിജി ഇംഗ്ലണ്ടിലേക്കു പോയി. ജ്യേഷ്ഠന്റ സംരക്ഷണയിലായിരുന്നു കസ്തൂര്‍ബാ. തിരിച്ചു വന്ന ഗാന്ധി വ്യവഹാര സംബന്ധമായി ദക്ഷിണാഫിക്കയിലേയ്ക്കു പോയി. ദത്തശ്രദ്ധനായാണ് ഗാന്ധി ഏതു കാര്യവും ചെയ്യുക. എല്ലാം മറന്ന് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജരുടെ മോചനത്തിനു വേണ്ടി ഇറങ്ങിത്തിരിച്ചു. 1877 ല്‍ കുടുംബത്തെ ദക്ഷിണാഫ്രിക്കയിലേക്കു കൊണ്ടു പോയി.
നാലു മക്കളുണ്ടായതിനു ശേഷം ഗാന്ധിജി ബ്രഹ്മചര്യം അനുഷ്ഠിക്കാന്‍ തീരുമാനിച്ചു. പാവം കസ്തൂര്‍ബാ എന്തു ചെയ്യും. അനുസരിക്കാനല്ലേ പറ്റൂ. ഗാന്ധിജിക്ക് മുപ്പത്താറു വയസ്സായതോടെ അവര്‍ ഭൗതിക ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങി. ബ്രഹ്മചര്യാവ്രതത്തില്‍ കസ്തൂര്‍ബാ തന്നെ സഹായിച്ചിട്ടുണ്ടെന്ന് ഗാന്ധി ആത്മകഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കസ്തൂര്‍ബായെ ‘ബാ’ എന്നാണ് ഗാന്ധിജി വിളിച്ചു പോന്നത്.
ഗാന്ധിജിയുടെ ചില നിഷ്ഠകള്‍ കടുത്തതായിരുന്നു. അലോപ്പതി ചികിത്സയെ അദ്ദേഹം വെറുത്തിരുന്നു. കളിമണ്ണ് ദേഹമാസകലം പൂശി വെയില് കൊണ്ടും ചില നാടന്‍ പച്ച മരുന്നുകളുടെ ചാറു കഴിച്ചുമാണ് രോഗം ഭേദമാക്കുന്നത്. മൂത്ത മകന് കലശലായ പനി പിടിപെട്ടപ്പോള്‍ അലോപ്പതി ചികിത്സ കൊടുക്കാന്‍ കസ്തൂര്‍ബാ നിര്‍ബ്ബന്ധിച്ചെങ്കിലും ഗാന്ധിജി വഴങ്ങിയില്ല. മൂത്ത മകന് എന്‍ജിനീയറിംഗിലായിരുന്നു താത്പര്യം. എന്‍ജിനിയറിംഗ് കോളേജില്‍ ഒരു അഡ്മിഷന് ശുപാര്‍ശ ചെയ്യാന്‍ അമ്മയും മകനും അപേക്ഷിച്ചിട്ടും ഗാന്ധിജി തയ്യാറായില്ല. മക്കള്‍ക്കു വേണ്ടിപ്പോലും വിട്ടുവീഴ്ച ചെയ്തില്ല. പിന്നെങ്ങനെ മക്കള്‍ ഗാന്ധിയെ സ്നേഹിക്കും. കുടുംബ ബന്ധത്തെപ്പോലും തള്ളിപ്പറയാന്‍ പര്യാപ്തമായിരുന്നു ഗാന്ധിജിയുടെ ആത്മീയ നിഷ്ഠ. നാലുമക്കളും സമരത്തില്‍ അറസ്റ്റു വരിച്ചു. എന്നാല്‍ അവര്‍ രാഷ്ട്രീയത്തില്‍ ഒരു പദവിയും സ്വീകരിച്ചില്ല.
കാമ, ക്രോധ, ലോഭ, മദമാത്സര്യങ്ങള്‍ വികാരത്തില്‍ നിന്നുണ്ടാകുന്നതാണെന്നായിരുന്നു ഗാന്ധിജിയുടെ വിശ്വാസം. അതുകൊണ്ടു തന്നെ ദൈവത്തിന്റെ ഉള്‍വിളി അനുസരിച്ചേ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നുള്ളു. മദ്യവും മാംസവും കഴിക്കുകയില്ലെന്നു ശപഥം ചെയ്തിട്ടാണ് ഗാന്ധി ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറിയത്. അതുകൊണ്ടു തന്നെ മാംസം കലര്‍ന്നതൊന്നും ഗാന്ധി മരിക്കുന്നതു വരെ ഉപയോഗിച്ചില്ല. ഡോക്ടര്‍മാര്‍ ക്ഷീണിതനായ ഗാന്ധിക്ക് ആട്ടിന്‍ സൂപ്പു നിര്‍ദ്ദേശിച്ചപ്പോഴും ഗാന്ധി അതിനു തയ്യാറായില്ല. കസ്തൂര് ബായ്ക്ക് കലശലായ രോഗബാധയുണ്ടായപ്പോള്‍ ഒരു ശസ്ത്രക്രിയ വേണ്ടി വന്നു. ജീവന് നിലനിര്‍ത്താന്‍ അതാവശ്യമായിരുന്നു. അവരോട് ആട്ടിന്‍ സൂപ്പു കഴിക്കാന്‍ ഡാക്ടറന്മാര്‍ ഉപദേശിച്ചപ്പോള്‍ മരിച്ചാലും താനതു കഴിക്കുകയില്ലെന്നു കസ്തൂര്‍ബാ ശാഠ്യം പിടിച്ചു.
കസ്തൂര്‍ബാ മുന്‍കയ്യെടുത്തു സ്ഥാപിച്ച ആശ്രമത്തില്‍ ഒരു ഹരിജന്‍ കുടുംബത്തെ താമസിപ്പിച്ചതിനെച്ചൊല്ലി കസ്തൂര്‍ബാ പിണങ്ങി. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പൈതൃകമായി പരിശീലിച്ച കസ്തൂര്‍ബാ ഒടുവില്‍ ഹരിജന്‍ താമസിച്ച കക്കൂസു വൃത്തിയാക്കാന്‍ പോലും സന്നദ്ധയായി. മാത്രമല്ല ലക്ഷ്മി എന്ന ഹരിജന്‍ ബാലികയെ ദത്തെടുത്ത് വളര്‍ത്തി. പിന്നീട് വിവാഹം ചെയ്തയച്ചു.
ഗാന്ധിജിയുടെ ജീവിതവുമായും ആശയങ്ങളുമായും സമരങ്ങളുമായും സന്തോഷത്തോടെ കസ്തൂര്‍ബാ സമരസപ്പെട്ടു. സത്യാഗ്രഹത്തിന്റെ വഴിയില്‍ ചിലപ്പോള്‍ നിരാഹാരത്തിന്റെ പാത ഇരുവരും സ്വീകരിച്ചു. എല്ലാ സമരങ്ങളിലും കസ്തൂര്‍ബാ പങ്കെടുത്ത് അറസ്റ്റു വരിച്ചു,ജയിലില്‍ പോയി.
കസ്തൂര്‍ബാ മുന്‍ കൈയ്യെടുത്താണ് ഫീനിക്സ് ആശ്രമം സ്ഥാപിച്ചത്. പിന്നീട് സബര്‍മതി സത്യാഗ്രഹാശ്രമം സ്ഥാപിച്ചു. അതിന്റെ കാര്യ ദര്‍ശിയായും കസ്തൂര്‍ബാ പ്രവര്‍ത്തിച്ചു.
ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ഗാന്ധിജിയും കസ്തൂര്‍ബായും അറസ്റ്റിലായി. ആഗാഖാന്‍ കൊട്ടാരത്തിലെ തടവറയില്‍ കിടക്കുമ്പോഴാണ് കസ്തൂര്‍ബാ ദിവംഗതയായത്. ഗാന്ധിജിയുടെ മടിയില്‍ കിടന്നാണ് 1944 ഫെബ്രുവരി 22 ന് വൈകുന്നേരം കസ്തൂര്‍ബാ അന്ത്യ ശ്വാസം വലിച്ചത്.
കസ്തൂര്‍ബായായിരുന്നു ഗാന്ധിജിയുടെ ശക്തിസ്രോതസ്സ്. ഇന്ത്യന്‍ ചരിത്രത്തില്‍ തിളങ്ങി നില്ക്കുന്ന കസ്തൂര്‍ബാ ഗാന്ധിയെ നാം ആദരിക്കേണ്ടതാണ്.വനിതാ ദിനത്തില്‍ മാത്രമല്ല, എന്നും.
പ്രൊഫ.ജി.ബാലചന്ദ്രന്
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fprofessorgbalachandran%2Fposts%2Fpfbid0XbtNwvJSx2qtsR5cEKytEuo7yVN4L11UNUNMq8PG3fTZYPrU8AMTGzp7FQTyHrTxl&show_text=true&width=500