കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിന് പിന്നാലെ കൊച്ചി നഗരത്തിലാകെ പുക വ്യാപിക്കുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മലിനീകരണ വിഷയവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടര്‍ നാളെ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. തദ്ദേശ സെക്രട്ടറിയും ഓണ്‍ലൈനില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ സിറ്റിംഗിലും പിസിബി ചെയര്മാന് ഹാജരാകണം. മലിനീകരണ വിഷയത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയറെ സ്ഥലംമാറ്റുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. നാളെ ഉച്ചയ്ക്ക് 1.45 ന് വിഷയം ഹൈക്കോടതി പരിഗണിക്കും.
നഗരത്തിലെ മലിനീകരണ പ്രശ്നത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോട് കോടതി ചോദിച്ചു. തീപിടുത്തം മനുഷ്യനിര്‍മിതമാണോ സ്വാഭാവികമായി ഉണ്ടായതാണോ എന്ന് കോടതി ചോദിച്ചു. ഇത് മനുഷ്യനിര്‍മിതമാണോ അതോ ദൈവത്തിന്റെ പ്രവര്‍ത്തിയാണോ എന്നും കോടതി പരിഹസിച്ചു.
തീപിടുത്തം അന്വേഷിക്കാന്‍ ഉന്നതതല സമിതിയ്ക്ക് രൂപം നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി, പിസിബി ചെയര്മാന്, അഗ്നിരക്ഷാ വിദഗ്ധര്‍ എന്നിവര്‍ സമിതിയിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കൊച്ചിയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ പുക രൂക്ഷം. വൈറ്റില കുണ്ടന്നൂര്‍ ദേശീയ പാതയില്‍ പുക കാഴ്ച മറച്ചിരിക്കുകയാണ്. കുണ്ടന്നൂര്‍, തൃപ്പൂണിത്തുറ, ഇരുമ്പനം, വൈറ്റില മേഖലകളിലുമ പുക രൂക്ഷമാണ്.