കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസ് പരിഗണിക്കുമ്പോള്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഒന്നാംപ്രതി ജോളിയുടെ പരാതിയിലാണ് വിചാരണക്കോടതിയുടെ നടപടി.
നാളെമുതല്‍ കൂടത്തായി കേസ് പരിഗണിക്കുമ്പോള്‍ മാധ്യമങ്ങള്‍ നാളെ മുതല്‍ കോടതി വളപ്പില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സ്വകാര്യതയെ ഹനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്.
കേസിൽ സാക്ഷി വിസ്താരം തുടങ്ങി. ഒന്നാം സാക്ഷി രഞ്ജി തോമസിനെയാണ് ആദ്യ ദിവസം വിസ്തരിച്ചത്. മൊത്തം 158 സാക്ഷികള്‍ക്ക് വിവിധ ദിവസങ്ങളില്‍ ഹാജരാകാനായി സമന്‍സ് അയച്ചിട്ടുണ്ട്. അതേസമയം, വിചാരണാ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യ പ്രതി ജോളി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
നിലവിൽ അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. അതിനൊപ്പം തന്നെയാണ് മാധ്യമങ്ങൾക്ക് കോടതി വളപ്പിൽ പ്രവേശനം വിലക്കുന്നത്. കേസിൽ ഇന്ന് ആരംഭിച്ച സാക്ഷി വിസ്താരം മെയ് 18വരെ തുടർച്ചയായി നടക്കുകയും ചെയ്യും.