കർണാടകത്തിൽ 26 പേർക്ക് എച്ച് 3 എൻ 2 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. സുധാകർ അറിയിച്ചു. ഇതിൽ രണ്ടുപേർ ബെംഗളൂരുവിലാണ്. രോഗബാധ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും. എല്ലാ ആശുപത്രികളിലെയും ആരോഗ്യ പ്രവർത്തകർ മുഖാവരണം ധരിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കും. വൈറസ് ബാധയെ ഭയപ്പെടേണ്ട കാര്യമില്ലെന്നും അറിയിച്ചു.
എച്ച് 3 എൻ 2 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത ആരോഗ്യ വിദഗ്ധരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളിലും പ്രായമായവരിലും വൈറസ് ബാധയുണ്ടായേക്കും. ഗർഭിണികളിൽ രോഗബാധയ്ക്കുള്ള സാധ്യത ഏറെയാണ്. ശുചിത്വം പാലിച്ചും ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും കൈകൾ ശുചിയാക്കിയും വൈറസ് പടരുന്നത് തടയാം. എച്ച് 3 എൻ 2 വൈറസ് കാരണമുള്ള പനി രണ്ട് മുതൽ അഞ്ചുദിവസം കൊണ്ട് ഭേദമാകാം. നേരത്തേ കോവിഡ് ബാധിച്ചിട്ടുള്ളവർക്ക് കഠിനമായ ചുമയുണ്ടായേക്കുമെന്നും മന്ത്രി പറഞ്ഞു.