കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള നോക്കൗട്ട് മത്സരം വീണ്ടും നടത്തില്ലെന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അച്ചടക്ക സമിതി. മത്സരം ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരായ അച്ചടക്ക നടപടി ഉടന്‍ തീരുമാനിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മത്സരം വീണ്ടും നടത്തണമെന്നും ബെംഗലൂരുവിന് അനുകൂലമായി ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണ്‍സണെ വിലക്കണമെന്നുമായിരുന്നു ബ്ലാസ്റ്റേഴ്സ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
നിശ്ചിത സമയവും കഴിഞ്ഞ് അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ സുനിൽ ഛേത്രി എടുത്ത ഫ്രീ കിക്കിൽ ബെംഗളൂരു ജയം കുറിക്കുകയായിരുന്നു. 97ആം മിനിട്ടിൽ നേടിയ ഗോളിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് ടീം കളം വിട്ടെങ്കിലും ബെംഗളൂരു ടീം തുടർന്നു. അധികസമയം അവസാനിക്കും വരെ ബെംഗളൂരു താരങ്ങൾ കളത്തിലുണ്ടായിരുന്നു. സമയം അവസാനിച്ചപ്പോൾ റഫറി ഫൈനൽ വിസിൽ മുഴക്കി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, സീസണ് പൂര്‍ത്തിയായതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കൊച്ചിയിലെ ടീം ക്യാമ്പ് വിട്ടു. വിദേശതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങി.