എറണാകുളം: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വായു ഗുണനിലവാരത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കലക്ടർ രേണുരാജ്. നിലവിൽ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യമില്ല. ശ്വാസകോശ രോഗമുള്ളവർ, ഗർഭിണികൾ, മുതിർന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കലക്ടർ നിർദേശം നൽകി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണച്ചു. പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ നാളെയെത്തി വെള്ളം സ്പ്രേ ചെയ്യും. 30 ഫയർ യൂണിറ്റുകളും, 125 അഗ്നി രക്ഷാ സേനാംഗങ്ങളും അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തിലാണ് തീ അണച്ചത്. മാലിന്യത്തിന്റെ അടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യത്തില്‍ ഇത് ശമിപ്പിക്കുന്നതിനായുള്ള ശ്രമം നാളെയും തുടരുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നേവിയുടേയും എയര്‍ഫോഴ്സിന്റേയും സേവനം നാളേയും തുടരും.
തീയണയ്ക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുമെന്നും ഇതിനായി എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തെ നിയോഗിക്കുമെന്നും കലക്ടർ അറിയിച്ചു. മെഡിക്കൽ സംഘം ബ്രഹ്മപുരത്ത് ക്യാംപ് ചെയ്ത് ജീവനക്കാരുടെ വൈദ്യപരിശോധന നടത്തുമെന്നും കലക്ടർ വ്യക്തമാക്കി. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പൂർണമായും അണച്ചെന്നും കലക്ടർ അറിയിച്ചു.
അതേസമയം, ബ്രഹ്മപുരം തീപിടത്തിത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നാളെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.
പുകയെതുടര്‍ന്നുള്ള ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി നാളെയും കൊച്ചിയിൽ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേതുപോലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ക്കുമാണ് അവധി. കൊച്ചി കോര്‍പ്പറേഷനു പുറമെ വടവുകോട് – പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിലും,തൃക്കാക്കര, തൃപ്പൂണിത്തുറ ,മരട് മുനിസിപ്പാലിറ്റികളിലേയും സ്കൂളുകള്‍ക്കാണ് അവധി ബാധകം. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.