തിരുവനന്തപുരം: മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് നല്കുന്ന ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ ഹീയറിംഗ് പൂര്‍ത്തിയായിട്ട് മാര്‍ച്ച് 18ന് ഒരു വര്‍ഷമാകുമ്പോള്‍ വിധി പറയാന്‍ ലോകായുക്ത തയാറാകുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. കര്‍ണാടകത്തിലെ ലോകായുക്ത ഭരണകക്ഷി എംഎല്‍എയുടെ വീട്ടില്‍ കയറിവരെ റെയ്ഡ് നടത്തുമ്പോൾ പിണറായി സര്‍ക്കാര്‍ വന്ധീകരിച്ച കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറിയെന്ന് കെ സുധാകരന് പറഞ്ഞു.
ലോകായുക്തയുടെ ചിറകരിഞ്ഞ ബിൽ ദീർഘകാലമായി ഗവർണറുടെ മുന്‍പിലുണ്ടെങ്കിലും അദ്ദേഹവും അതിന്മേൽ അടയിരിക്കുന്നു. സർക്കാരും ഗവർണറും ലോകായുക്തയും ചേർന്ന ത്രിമൂർത്തികൾ കേരളത്തിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഇല്ലാതാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പോലീസുകാരന്റെ കുടുംബത്തിന് സർക്കാർ ആനുകുല്യങ്ങൾക്കു പുറമെ 20 ലക്ഷം രൂപയും ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന അന്തരിച്ച കെ.കെ. രാമചന്ദ്രൻനായരുടെ മകന് എൻജിനിയറായി ജോലിക്കു പുറമെ സ്വർണ വാഹനവായ്പകൾ തിരിച്ചടയ്ക്കുന്നതിന് ഒന്‍പത് ലക്ഷം രൂപയും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് വിദ്യാഭ്യാസ ചെലവ് ഉൾപ്പെടെ 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി അനുവദിച്ച അഴിമതിയാണ് ലോകായുക്തയുടെ മുന്‍പിലെത്തിയത്.
രോഗം, അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവയ്ക്കാണ് ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം. മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്. ശശികുമാറിന്റെ ഇതു സംബന്ധിച്ച ഹർജി പ്രസക്തമാണെന്ന് ലോകായുക്ത തുറന്നു സമ്മതിച്ചെങ്കിലും ഒരു വർഷമായിട്ടും വിധി പറയാത്തത് മുഖ്യമന്ത്രിയെ ഭയന്നാണോയെന്ന് വിമർശനമുണ്ട്.
ലോകായുക്ത നീതിയുക്തമായ തീരുമാനമെടുത്താല്‍ അത് ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് തന്നെയാണെന്നു തിരിച്ചറിഞ്ഞാണ് അമേരിക്കയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് അതിവേഗം ഓര്‍ഡിനന്‍സും പിന്നീട് ബില്ലും കൊണ്ടുവന്നത്. തുക അനുവദിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണെങ്കിലും ഇപ്പോള്‍ പിണറായി വിജയന് മാത്രമാണ് അധികാരത്തിലുള്ളത്.
ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം വിധിച്ചാല്‍ പൊതുസേവകന്റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കി വിധിക്കെതിരേ അപ്ലേറ്റ് അഥോറിറ്റികളെ സമീപിക്കാം എന്ന ഭേദഗതി കൊണ്ടുവന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്.
സംസ്ഥാനത്ത് അഴിമതിക്കെതിരേ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലന്‍സിനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇല്ലാതാക്കിയത്. മുഖ്യമന്ത്രി ഇകെ നയനാര്‍ 1999ല്‍ തുടക്കമിട്ട ലോകായുക്തയെ പിണറായി വിജയന് തന്നെ മുമ്പ് വാഴ്ത്തിപ്പാടിയിട്ടുണ്ട്.
വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫീസും കേരളം കണ്ട വലിയ വെള്ളാനയാണിപ്പോള്‍. തൊട്ടടുത്ത കര്‍ണാടകത്തിലേക്ക് ഈ വെള്ളാനയും അവരുടെ തലതൊട്ടപ്പനായ മുഖ്യമന്ത്രിയും കണ്ണോടിക്കണമെന്ന് സുധാകരന് അഭ്യര്‍ത്ഥിച്ചു.