കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സമീപ പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്ക് ജില്ലാ കളക്ടർ ഡോ. രേണുരാജ് അവധി പ്രഖ്യാപിച്ചു. ഒന്നുമുതൽ ഏഴ് വരെയുള്ള സ്കൂളുകൾക്കും അംഗനവാടികൾക്കും കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾക്കും അവധി പ്രഖ്യാപിച്ചു.
കൊച്ചി കോര്‍പറേഷനിലും തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലുമാണ് അവധി ബാധകം. വടവുകോട്– പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും ബാധകം. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ക്കും ഡേ കെയറുകള്‍ക്കും അവധിയായിരിക്കും.
അതേസമയം, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കലക്ടര്‍ അറിയിച്ചു.
മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. പുക പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലും ആളുകൾ ഇന്നു വീട്ടിൽ തന്നെ കഴിയണമെന്നു കലക്ടർ ഡോ. രേണുരാജിന്റെ നിർദേശവുമുണ്ടായിരുന്നു.
ഞായറാഴ്ചയായതിനാൽ അത്യാവശ്യമില്ലാത്ത കടകളും സ്ഥാപനങ്ങളും തുറക്കരുത്. ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യതയുള്ളതിനാൽ സജ്ജമായിരിക്കാൻ ആശുപത്രികൾക്കു നിർദേശം നൽകി.