ഷില്ലോങ്: മേഘാലയയിൽ സർക്കാർ രൂപീകരണത്തിന് കോൺറാഡ് സാങ്മയെ ക്ഷണിച്ച് ഗവർണർ. മുപ്പത്തി രണ്ട് എംഎൽഎമാരുടെ പിന്തുണ തനിക്ക് ഉണ്ടെന്നാണ് സംഗമ വ്യക്തമാക്കുന്നത്. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കോൺറാഡ് സാങ്മയെ ഗവർണർ ക്ഷണിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസം 32 എംഎല്‍എമാര്‍ ഒപ്പിട്ട് കത്ത് കോണ്‍റാഡ് സാങ്മ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ഗവര്‍ണര്‍ സാങ്മയെ ക്ഷണിച്ചത്.
കേവല ഭൂരിപക്ഷമില്ലെങ്കിലും 26 സീറ്റില്‍ ജയിച്ച സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയായിരുന്നു മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ട് സീറ്റുള്ള ബിജെപിക്ക് പുറമേ രണ്ട് സീറ്റുള്ള ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും രണ്ട് സ്വതന്ത്ര എംഎല്‍എമാരും സാങ്മയ്ക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്‍പിപിക്ക് പിന്തുണയില്ലെന്ന് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പിന്നീട് വ്യക്തമാക്കി.
സാങ്മ നയിക്കുന്ന എൻപിപി സർക്കാരിന്റെ ഭാഗമായിരുന്നു ബിജെപിയെങ്കിലും ഇരുകക്ഷികളും വേർപിരിഞ്ഞാണ് മത്സരിച്ചത്. 60 അംഗ നിയമസഭയിൽ 26 സീറ്റിലാണ് എൻപിപി ജയിച്ചത്. ബിജെപി രണ്ടെണ്ണത്തിലും. നിലവിലുള്ള സർക്കാരിന്റെ ഭാഗമായ യുഡിപി 11 സീറ്റിൽ ജയിച്ചിട്ടുണ്ട്. വോയ്സ് ഓഫ് ദ പീപ്പിൾസ് പാർട്ടി 4 സീറ്റിലും ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയും പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ടും 2 വീതം സീറ്റിലും ജയിച്ചു.