ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആഗോള ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. ദീപികയുമായി സഹകരിച്ച് പുതിയ ബ്രാൻഡ് കാംപയിനിനും കമ്പനി തുടക്കമിട്ടിരിക്കുകയാണ്. ഖത്തർ എയർവേയ്സും ദീപികയുമാണ് വിവരം പുറത്തുവിട്ടത്.
ലോകോത്തര ക്യുസ്യൂട്ട്, ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായ ‘ദ ഓർച്ചാർഡ്’ അടക്കമുള്ള പുത്തൻ അനുഭവങ്ങളാണ് ഖത്തർ എയർവേയ്സ് അവതരിപ്പിക്കാനിരിക്കുന്നത്. വിമാന കമ്പനിക്കൊപ്പമുള്ള ദീപികയുടെ യാത്രയുമായി ബന്ധപ്പെട്ട് Ain’t Nobody എന്ന പേരിലുള്ള ട്രാക്കും പുറത്തിറക്കിയിട്ടുണ്ട്. 2022ലെ ‘എയർലൈൻ ഓഫ് ദ ഇയർ’ ആയി ഖത്തർ എയർവേയ്സ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011 മുതൽ തുടർച്ചയായി ഒൻപത് തവണയാണ് ഈ അംഗീകാരം കമ്പനിയെ തേടിയെത്തിയത്.
നിരന്തരം മികച്ച അനുഭവങ്ങൾ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ഖത്തർ എയർവേയ്സെന്ന് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബക്ർ പറഞ്ഞു. ചാരുതയും സൗകുമാര്യതയും ഒരുമിച്ചുകൊണ്ടുവരികയാണ് ഈ സഹകരണം. ആകാശത്തും ഭൂമിയിലും ഖത്തർ എയർവേയ്സ് എങ്ങനെയാണ് ഉപഭോക്താക്കൾക്ക് മുന്തിയ അനുഭവങ്ങൾ പകരുന്നതെന്ന് ദീപിക മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.