ബെംഗളൂരു: കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി പ്ലേ ഓഫ് മത്സരത്തിനിടെ മൈതാനത്ത് നാടകീയ രംഗങ്ങൾ. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ, ബെംഗളൂരു എഫ്സി നേടിയ ഗോളിനെച്ചൊല്ലി തർക്കം. പകരക്കാരനായി ഇറങ്ങിയ മുൻ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ ഗോളാണ് വിവാദത്തിനു കാരണമായത്.
തർക്കം രൂക്ഷമായതോടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് ടീമിനെ തിരിച്ചുവിളിച്ചു. ഏറെ നേരത്തെ ആശയക്കുഴപ്പത്തിനും തർക്കത്തിനും ചർച്ചകൾക്കുമൊടുവിൽ ബെംഗളൂരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ബെംഗളൂരു എഫ്സി ഐഎസ്എൽ സെമിയിലെത്തി.
97-ാം മിനിറ്റിൽ വിബിൻ മോഹനൻ നടത്തിയ ഫൗളിന് ശേഷമുള്ള ഫ്രീകിക്കിനെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. ബ്ലാസ്റ്റേഴ്സ് പെനൽറ്റി ബോക്സിന് തൊട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് റഫറി വിസിൽ മുഴുക്കുന്നതിന് മുമ്പായി സുനിൽ ഛേത്രി തൊടുത്തു. ഛേത്രിയുടെ കിടിലൻ ചിപ് ഷോട്ട്, മുന്നോട്ട് കയറി നിൽക്കുകയായിരുന്ന പ്രഭ്സുഖൻ ഗില്ലിനെ മറികടന്ന് വലയിലെത്തി.
ഇതോടെ മഞ്ഞപ്പട ബെഞ്ച് പ്രതിഷേധവുമായി ചാടിയിറങ്ങി. ഫ്രീ കിക്ക് എടുക്കുന്നതിന് മുമ്പ് മാർക്ക് ചെയ്യേണ്ട മാജിക് സ്പ്രേ ലൈൻ റഫറി ക്രിസ്റ്റൽ ജോൺ വരച്ചിരുന്നില്ല. കേരള താരങ്ങൾ കിക്കിന് തയാറാക്കുന്നതിന് മുമ്പ് തന്നെ ഛേത്രി പന്ത് തൊടുത്തു. കിക്കെടുക്കുന്ന താരവുമായി പ്രതിരോധനിര പാലിക്കേണ്ട അകലവും റഫറി പരിഗണിച്ചില്ല.
ഇതോടെ കൊമ്പന്മാരുടെ പരിശീലകൻ ഇവാൻ വുക്കമനോവിച്ച് കളത്തിലിറങ്ങി താരങ്ങളെ തിരികെ വിളിച്ചു. റഫറി ഗോൾ നിഷേധിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. തുടർന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം ഉപേക്ഷിച്ച് ഡഗ്ഔട്ടിലേക്ക് മടങ്ങി.
30 മിനിറ്റോളം തടസപ്പെട്ട മത്സരം ബംഗളൂരു 1-0 എന്ന സ്കോറിന് ജയിച്ചതായി പ്രഖ്യാപിച്ചതോടെ, ബംഗളൂരു സെമിഫൈനലിലേക്ക് മുന്നേറി.
ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ചത് ബംഗളൂരുവാണെങ്കില്‍ രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത് ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരിച്ചെത്തി. മത്സരത്തില്‍ 60 ശതമാനവും പന്ത് കൈവശം വച്ചതും ബ്ലാസ്റ്റേഴ്സായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ മുഖത്തിനടത്തു വച്ച് നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിക്കളഞ്ഞത്.
ബ്ലാസ്റ്റേഴ്സിനെതിരെ വിലക്കടക്കം വലിയ നടപടികളിലേക്ക് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് നീങ്ങുമോ എന്ന ആശങ്കയിലാണിപ്പോള്‍ ആരാധകര്‍. മുമ്പ് 2015 ഐ.എസ്.എല്‍ ഫൈനലിന് ശേഷം എഫ്.സി ഗോവ സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. അന്ന് ടീമിന് 50 ലക്ഷം രൂപയാണ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് പിഴയേര്‍പ്പെടുത്തിയത്.