തിരുവനന്തപുരം: ഇ.പി ജയരാജനെ അനുനയിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ നീക്കം. കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണണമെന്ന് വിമാനക്കമ്പനി ഇ.പിയോട് ആവശ്യപ്പെട്ടത്. ഫോണിലൂടെയാണ് ഇക്കാര്യം ഇൻഡിഗോ ആവശ്യപ്പെട്ടത്. എന്നാൽ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് ഇ.പി മറുപടി നൽകി. ഉന്നത ഉദ്യാഗസ്ഥ ഫോണിൽ വിളിച്ചെന്ന് ജയരാജൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് വിമാനത്തിലെ യാത്ര ഇപി ഒഴിവാക്കിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി.ജയരാജൻ തള്ളി മാറ്റിയിരുന്നു. വിവാദമായതിനെ തുടർന്ന് ഇന്‍ഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തി.
വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ.കെ.നവീൻകുമാർ, പി.പി.ഫർസീൻ മജീദ് എന്നിവർക്കും രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തി. യാത്രക്കാരെ കയ്യേറ്റം ചെയ്തത് അൽപംകൂടി ഗുരുതരമായ കുറ്റമായതിനാലാണ് ജയരാജനു മൂന്നാഴ്ച വിലക്ക് ഏർപ്പെടുത്തിയത്.
ഇതിനെ തുടർന്ന് ഇൻഡിഗോയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഇ.പി രംഗത്തെത്തിയിരുന്നു. വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്പനിയായ ഇൻഡിഗോയിൽ താനും തന്റെ കുടുംബവും ഇനിമുതൽ യാത്ര ചെയ്യില്ലെന്നായിരുന്നു ദൃഢപ്രതിജ്ഞയെടുത്തെന്നായിരുന്നു ഇ.പി പറഞ്ഞത്.
തുടർന്ന്, ഇൻഡിഗോ ഉദ്യോഗസ്ഥർ തന്നെ വിളിച്ച് ക്ഷാമപണം നടത്തിയെന്നും ജയരാജൻ പറഞ്ഞു. ട്രെയിനിലായിരുന്നു ജയരാജന്റെ തുടർന്നുള്ള യാത്രകൾ. സാമ്പത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നതിനാൽ ട്രെയിനിൽ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇ.പി. ജയരാജൻ കണ്ണൂരിൽ പറഞ്ഞിരുന്നു.