സ്ത്രീപക്ഷ നയങ്ങൾ ഊർജിതമായി നടപ്പാക്കുകയാണു സർക്കാർ ചെയ്യുന്നതെന്നും ജെൻഡർ ബജറ്റ്, വനിതാ പോലീസ് റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ള പരിപാടികൾ ഇതിന്റെ ഭാഗമാണെന്നും വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്വയം തിരിച്ചറിഞ്ഞ് സ്വന്തം പ്രതിഭയും കഴിവുകളും വിനിയോഗിക്കാൻ സ്ത്രീ സമൂഹത്തിനു കഴിയണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സാങ്കേതിക മേഖലയിലെ അസമത്വം ഇല്ലാതാക്കി ലിംഗ സമത്വം ഉറപ്പുവരുത്തുകയെന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിന സന്ദേശം. തടസങ്ങളെ ഇല്ലാതാക്കാനും മുൻവിധികളെയും വ്യവസ്ഥകളെയും തിരുത്താനും സ്ത്രീകൾക്കാകണം. ഡിജിറ്റൽ മേഖലയിൽ ലിംഗ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ സ്ത്രീ പ്രാതിനിധ്യം നാലു ശതമാനത്തിൽ താഴെയാണ്. ദൈനംദിന ടെക്നോളജി അറിയുന്നവരിൽ ആഗോള അടിസ്ഥാനത്തിൽ സ്ത്രീകൾ പിൻതള്ളപ്പെടുന്ന സാഹചര്യമുണ്ട്. പ്രളയത്തിനു ശേഷം ദുരന്തമേഖലയിൽ അതിജീവനത്തിന് സ്ത്രീകൾ എത്രമാത്രം ശേഷിയുണ്ട് എന്നത് ഗവൺമെന്റ് പഠനവിധേയമാക്കിയിരുന്നു. ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ സഹായത്തോടെയാകണം ശാക്തീകരണം. റിസോഴ്സ് പേഴ്സൺമാർക്ക് ട്രെയിനിംഗ് നൽകി എല്ലാ ജില്ലകളിലും സ്ത്രീകൾക്ക് പരിശീലനം നൽകുന്ന പരിപാടിക്ക് തുടക്കമായിട്ടുണ്ട്. കൂടുതൽ കരുത്തോടെ അസമത്വങ്ങളെ ഇല്ലാതാക്കണമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വവും ഏകോപനവും പ്രാദേശിക തലത്തിൽ വനിതാ ശാക്തീകരണത്തിനു മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്നു ചടങ്ങിൽ പങ്കെടുത്ത തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വനിതാ ദിന പുരസ്കാരക്കാര ജേതാക്കളെ ചടങ്ങിൽ ആദരിച്ചു. മികച്ച ജാഗ്രതാ സമിതികൾ, മാധ്യമ പ്രവർത്തകർ എന്നിവർക്കുള്ള പുരസ്കാരങ്ങളും സമ്മാനിച്ചു. സംസ്ഥാന വനിത കമ്മീഷന്റെ ‘കൗമാരം കരുത്താക്കൂ’ ക്യാംപെയിനിന്റെ ബ്രാൻഡ് അംബാഡറായി കുമാരി നേഹ ബിജുവിനെ പ്രഖ്യാപിച്ചു.