കൊഹിമ: നാഗാലാൻഡിൽ ചരിത്രത്തിലാദ്യമായി രണ്ട് വനിതകൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദിമാപുർ മൂന്ന് മണ്ഡലത്തിൽനിന്നും ഹെകാനി ജഖാലുവും വെസ്റ്റേണ്‍ അംഗമി മണ്ഡലത്തിൽനിന്ന് സൽഹൗതുവോനൗ ക്രൂസുമാണ് വിജയിച്ചത്. ഇരുവരും എൻഡിപിപിയുടെ സ്ഥാനാർഥികളായിരുന്നു.
1963ൽ നാഗാലാൻഡ് സംസ്ഥാനമായതിനുശേഷം ഇതാദ്യമായാണ് രണ്ട് വനിതകൾ നിയമസഭയിലേക്ക് എത്തുന്നത്. ഏഴ് വോട്ടുകൾക്കായിരുന്നു സൽഹൗതുവോനൗവിന്റെ വിജയം. സ്വതന്ത്ര സ്ഥാനാർഥിയായ കെനീസാഖോ നഖ്രോ 7071 വോട്ടുകൾ നേടിയപ്പോൾ സൽഹൗതുവോനുവോ 7078 വോട്ടുകൾ നേടി.
നാരി ശക്തി അവാർഡ് ജേതാവായ ജഖാലു 1,536 വോട്ടുകൾക്കാണ് വിജയം നുകർന്നത്. ലോക് ജനശക്തി പാർട്ടി (രാം വിലാസ്) സ്ഥാനാർഥി അഷെറ്റോ ഷിമോമിയെ 12,705 വോട്ടുകൾ നേടിയപ്പോൾ ജഖാലു 14,241 വോട്ടുകൾ നേടി.