അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ബിജെപി അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷത്തിന് മുപ്പത്തൊന്ന് സീറ്റുകള്‍ മതിയെന്നിരിക്കെ ബിജെപി സഖ്യം ഇപ്പോള്‍ മുപ്പത്തിമൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഎമ്മിനും തിപ്ര മോത പാര്‍ട്ടിക്കും 11 സീറ്റുകളില്‍ വീതമാണ് മുന്നേറ്റം. കോണ്‍ഗ്രസ് നാലിടത്ത് മുന്നിലാണ്. അതേസമയം, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്നതാണ് ബിജെപിയുടെ ലീഡ്.
എന്നാല്‍ അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മുന്‍പ് 60 സീറ്റുകളില്‍ മത്സരിച്ച ഇടതുപക്ഷം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതോടെ പതിനേഴ് സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയത്. കഴിഞ്ഞതവണ സിപിഎമ്മിന് പതിനാറ് സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ പതിനൊന്ന് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
കഴിഞ്ഞതവണ ഒരു സീറ്റില്‍പ്പോലും വിജയിക്കാതിരുന്ന കോണ്‍ഗ്രസ് ഇക്കുറി അഞ്ച് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.അതേസമയം, രാജകുടുംബാംഗമായ പ്രദ്യോത് മാണിക്യ ദേബര്‍മ്മ നയിക്കുന്ന തിപ്രമോത പാര്‍ട്ടി (ടിഎംപി) 40 ഓളം സീറ്റില്‍ മത്സരിച്ചിരുന്നു. ഇതില്‍ 11 ഇടത്ത് മുന്നിലെത്താനായി. ബിജെപി ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പിന്തുണയ്ക്കാമെന്നാണ് പ്രത്യുദ് ദേബ് ബര്മന് വ്യക്തമാക്കുന്നത്.