തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഇന്നുമുതല്‍ ഏപ്രില്‍ 30വരെ പുനഃക്രമീകരിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.
രണ്ട് മാസത്തേക്കാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തില്‍ മാറ്റം വരുത്തിയിട്ടുള്ളത്. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12-ന് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരണമെന്ന് ലേബര്‍ കമ്മിഷണര്‍ അറിയിച്ചു.
അതേസമയം, സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതായത് സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെയാണ് ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതെന്ന് ലേബര്‍ കമ്മീഷണര്‍ വിശദീകരിച്ചു.