ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തിൽ അഴിമതിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സിസോദിയയുടെ വീട് പരിശോധിച്ചിട്ട് 10,000 രൂപ പോലും ലഭിച്ചില്ല. ആം ആദ്മി പാര്‍ട്ടി കൊടുങ്കാറ്റാണെന്നും ബി.ജെ.പിക്ക് തടയാനാകില്ലെന്നും കെജ്രിവാൾ പറഞ്ഞു. ബി.ജെ.പിയിൽ ചേർന്നാൽ ഇന്നുതന്നെ സിസോദിയയ്ക്ക് പുറത്തിറങ്ങാമെന്നും കെജ്രിവാള് പരിഹസിച്ചു.
“മനീഷ് സിസോദിയ ഇന്ന് ബിജെപിയിൽ ചേർന്നാൽ അദ്ദേഹം നാളെ തന്നെ പുറത്തിറങ്ങില്ലേ? എല്ലാ കേസുകളും പിൻവലിക്കും. സത്യേന്ദർ ജെയ്നും ബിജെപിയിൽ ചേർന്നാൽ എല്ലാ കേസുകളും പിൻവലിക്കുകയും അദ്ദേഹത്തെ പുറത്തിറക്കുകയും ചെയ്യും. പ്രശ്നം അഴിമതിയൊന്നുമല്ല. മറിച്ച് ആരെയും ജോലി ചെയ്യാൻ അനുവദിക്കരുത്, പ്രതിപക്ഷത്തിന്റെ പിറകെ സിബിഐയെയും ഇഡിയെയും അയയ്ക്കണം.”– കേജ്രിവാൾ പറഞ്ഞു.
എഎപിയുടെ ഏറ്റവും മികച്ച പ്രവർത്തനം ആരോഗ്യ– വിദ്യാഭ്യാസ മേഖലയിലാണെന്നു ചൂണ്ടിക്കാട്ടിയ കേജ്രിവാൾ ഡൽഹിയുടെ വിദ്യാഭ്യാസ മോഡൽതന്നെ സിസോദിയ പരിഷ്കരിച്ചിരുന്നെന്നു പറഞ്ഞു. സത്യേന്ദർ ജെയ്നാണ് ഡൽഹിക്ക് മൊഹല്ല ക്ലിനിക്കുകൾ സമ്മാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സിസോദിയയും കേജ്രിവാളും മാത്രമല്ല പാര്‍ട്ടിക്ക് നിരവധി നേതാക്കളുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും രാജിവെച്ച ഒഴിവിൽ അതിഷി മർലേനയും സൗരഭ് ഭരദ്വാജും മന്ത്രിമാരാകും. ഇരുവരുടെയും പേരുകൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലഫ്റ്റ്നന്റ് ഗവർണർക്ക് കൈമാറി. സത്യപ്രതിജ്ഞ ഉടൻ ഉണ്ടാകുമെങ്കിലും ഇരുവരുടെയും വകുപ്പുകളിൽ ധാരണയായിട്ടില്ല.
അറസ്റ്റ് ചോദ്യംചെയ്തുള്ള സിസോദിയയുടെ ഹരജി സുപ്രിംകോടതി തള്ളിയതോടെയാണ് മനീഷ് സിസോദിയയുടെയും സത്യേന്ദർ ജയിനിന്റെയും രാജി കെജ്രിവാൾ സ്വീകരിച്ചത്. അടുത്തയാഴ്ച ബജറ്റ് സമ്മേളനത്തിൽ കൈലാഷ് ഗെലോട്ട് ആയിരിക്കും സിസോദിയയുടെ അഭാവത്തിൽ ബജറ്റ് അവതരിപ്പിക്കുക. സംസ്ഥാനം ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാനും പാർട്ടിയുടെ മുഖം രക്ഷിക്കാനുമാണ് ആം ആദ്മി സർക്കാർ തിടുക്കപ്പെട്ട് മന്ത്രിസഭാ പുനഃസംഘടന നടത്തുന്നത്.