തിരുവനന്തപുരം: സംയോജിത ചരക്കുസേവന നികുതി (ഐജിഎസ്ടി ) സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങി പോയി. ഐജിഎസ്ടി ഇനത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്നും നികുതി ചോര്‍ച്ച തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് റോജി എം ജോണ്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്.
എന്നാല്‍ ഇതേ വിഷയം ബജറ്റ് ചര്‍ച്ചയില്‍ വന്നതാണെന്നും വീണ്ടും അനുമതി നല്‍കാനാവില്ലെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. ഇതോടെ എതിര്‍പ്പുമായി പ്രതിപക്ഷ എംഎല്‍എമാര്‍ രംഗത്തെത്തി.
അതേസമയം, ഐജിഎസ്ടി വിഷയം ഏറെ ഗൗരവമുള്ളതാണെന്നും ഇതേ വിഷയത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ധനമന്ത്രി മറുപടി തന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. ഗുരുതരമായ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ എന്തിനാണ് ഭയപ്പെടുന്നതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, ചര്‍ച്ച ഇല്ലെങ്കില്‍ പിന്നെന്തിനാണ് നിയമസഭയെന്നും കൂട്ടിച്ചേര്‍ത്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് വിസ്മയിപ്പിക്കുന്നുവെന്നും ചര്‍ച്ചകളെ സര്‍ക്കാര്‍ ഭയക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.