മലപ്പുറം: കൃഷി പഠിക്കാന്‍ ഇസ്രയേലില്‍ പോയ ശേഷം കാണാതായ മലയാളി കര്ഷകന് ബിജു കുര്യന് കേരളത്തില്‍ തിരിച്ചെത്തി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചു. അതേസമയം, പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും സ്വമേധയാ ആണ് തിരിച്ചുവന്നതെന്നും ബിജു പറഞ്ഞു.
സഹോദരനാണ് ടിക്കറ്റെടുത്ത് നല്‍കിയതെന്നും ബിജു വ്യക്തമാക്കി. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് സംഘത്തോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതിയാണ് ആരോടും പറയാതെ പോയത്. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നി. അതുകൊണ്ടാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാഞ്ഞത്. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യന് കൂട്ടിച്ചേര്‍ത്തു.
ബിജു കുര്യന് അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകുമാണ് കൃഷി രീതികള്‍ പഠിക്കാനായി ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. 17 ന് രാത്രി താമസിക്കുന്ന ഹോട്ടലില്‍ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിടെ ബിജു കുര്യനെ കാണാതാവുകയായിരുന്നു.