കേപ്ടൗണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഓസ്ട്രേലിയ. ഞായറാഴ്ച നടന്ന ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഓസീസ് തുടര്‍ച്ചയായ മൂന്നാം തവണയും കിരീടത്തില്‍ മുത്തമിട്ടത്. ഓസ്ട്രേലിയയുടെ ആറാം ട്വന്റി 20 ലോകകപ്പ് കിരീടമാണിത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 156ൽ ഒതുക്കാൻ ദക്ഷിണാഫ്രിയ്ക്ക് സാധിച്ചെങ്കിലും വിജയലക്ഷ്യം മറികടക്കാൻ സാധിച്ചില്ല. 157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 137 റൺസിലൊതുങ്ങി.
ഓപ്പണർ ലോറ വോൾവാർത്ത് അർധസെഞ്ചറിയുമായി പൊരുതിയെങ്കിലും, ഓസീസിന്റെ ബോളിങ്ങിനു മുന്നിൽ പിന്തുണ നൽകാൻ സഹതാരങ്ങൾക്ക് സാധിക്കാതെ പോയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്ക്കായി ലോറ 48 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 61 റൺസെടുത്തു. പവർപ്ലേയിൽ തകർപ്പൻ ബോളിങ് കാഴ്ചവച്ച ഓസീസ്, ദക്ഷിണാഫ്രിക്കയെ ഒരു വിക്കറ്റ് നഷ്ടത്തിൽ 22 റൺസിൽ ഒതുക്കിയിരുന്നു.
ലോറയ്ക്ക് പുറമെ ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത് 23 പന്തിൽ 25 റൺസെടുത്ത ക്ലോയ് ട്രിയോൺ മാത്രം. ടാസ്മിൻ ബ്രിറ്റ്സ് (10), മരിസെയ്ൻ കാപ്പ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവർ.
ഓസീസിനായി മേഗൻ ഷൂട്ട്, ആഷ്ലി ഗാർഡ്നർ, ഡാർസി ബ്രൗൺ, ജെസ് ജൊനാസൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് നല്ല തുടക്കമല്ല ലഭിച്ചത്. ഓസീസ് ബാറ്റർമാരെ ക്രീസിൽ തളച്ചിട്ട ദക്ഷിണാഫ്രിക്കൻ ബൗളർമാർ ആദ്യ ഘട്ടത്തിൽ കളി നിയന്ത്രിച്ചു. അഞ്ചാം ഓവറിൽ അലിസ ഹീലി (20 പന്തിൽ 18) പുറത്തായതോടെ ക്രീസിലെത്തിയ ആഷ്ലി ഗാർഡ്നർ ആണ് തിരിച്ചടിക്ക് തുടക്കമിട്ടത്. 29 റൺസെടുത്ത് ഗാർഡ്നർ മടങ്ങിയതിനു പിന്നാലെ ബെത്ത് മൂണി ഓസീസ് ഇന്നിംഗ്സിൻ്റെ കടിഞ്ഞാൺ ഏറ്റെടുത്തു. ഒരുവശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പിടിച്ചുനിന്ന മൂണി 53 പന്തിൽ 74 റൺസുമായി പുറത്താവാതെ നിന്നു.
ഓപ്പണർ അലീസ ഹീലി (20 പന്തിൽ 18), ആഷ്ലി ഗാർഡ്നർ (21 പന്തിൽ 29), ഗ്രെയ്സ് ഹാരിസ് (ഒൻപതു പന്തിൽ 10), ക്യാപ്റ്റൻ മെഗ് ലാന്നിങ് (11 പന്തിൽ 10), എലിസ് പെറി (അഞ്ച് പന്തിൽ ഏഴ്), ജോർജിയ വാറെം (0) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. ഒരു അർധസെഞ്ചറി കൂട്ടുകെട്ടു പോലും പിറന്നില്ലെങ്കിലും, കെട്ടുറപ്പുള്ള ഒരുപിടി കൂട്ടുകെട്ടുകളാണ് കലാശപ്പോരാട്ടത്തിൽ ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കായി മരിസെയ്ൻ കാപ്പ് നാല് ഓവറിൽ 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഷബ്നിം ഇസ്മയിൽ നാല് ഓവറിൽ 26 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് സ്വന്തമാക്കി. അവസാന ഓവറിലാണ് ഷബ്നിം രണ്ടു വിക്കറ്റും വീഴ്ത്തിയത്. എംലാബ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും ക്ലോയ് ട്രിയോൺ രണ്ട് ഓവറിൽ 15 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.