മേഘാലയ-നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നാളെ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. മേഘാലയയിലും നാഗാലാൻഡിലും ശനിയാഴ്ച വൈകുന്നേരത്തോടെ പരസ്യപ്രചാരണം അവസാനിച്ചു. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. ഇരു സംസ്ഥാനങ്ങളിലും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മേഘാലയയിലെ 60 അംഗ നിയമസഭയിലെ 59 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മുൻ ആഭ്യന്തര മന്ത്രിയും ഐക്യജനാധിപത്യ പാർട്ടി സ്ഥാനാർഥിയുമായ എച്ച്.ഡി.ആർ ലിങ്ദോ മരിച്ചതിനാൽ സോഹിയോങ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. ഫെബ്രുവരി 27 ന് രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മേഘാലയയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി മാർച്ച് രണ്ടുവരെ അടച്ച് മുദ്രവെക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു. അസമുമായുള്ള അന്തർ സംസ്ഥാന അതിർത്തി അടക്കാനും നിർദേശിച്ചതായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർ എഫ്.ആർ. ഖാർകോങ് പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ ആളുകളുടെ സഞ്ചാരം നിരോധിച്ചു. വോട്ടെടുപ്പിനായി 3419 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കി.
നാഗാലാൻഡിൽ 60 സീറ്റുകളിൽ 59 സീറ്റിലേക്കാണ് വോട്ടെടുപ്പ്. അകുലുട്ടോ അസംബ്ലി മണ്ഡലത്തിൽ നിന്ന് ബി.ജെ.പിയുടെ കസെറ്റോ കിനിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് കസെറ്റോ ഈ മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. കോൺഗ്രസിലെ ഖെകാഷെ സുമി പത്രിക പിൻവലിച്ചതോടെയാണ് എതിരില്ലാതായത്. ബി.ജെ.പി-എൻ.ഡി.പി.പി. സഖ്യമായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 20 സീറ്റിലാണ് ബി.ജെ.പിക്ക് സ്ഥാനാർഥികളുള്ളത്.
40 സീറ്റ് എൻ.ഡി.പി.പി.ക്കാണ്. നിലവിലെ മുഖ്യമന്ത്രി നെയ്ഫിയു റിയോയാണ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി. 184 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സർക്കാർ രൂപവത്കരിക്കാനുള്ള കേവല ഭൂരിപക്ഷം 31ആണ്. 41 സീറ്റുകളുള്ള നാഷനൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിക്ക് (എൻ.ഡി.പി.പി) സഭയിൽ ഭൂരിപക്ഷമുണ്ട്. ഭാരതീയ ജനത പാർട്ടിക്ക് (ബി.ജെ.പി) 12 സീറ്റുകളാണുള്ളത്. നാഗാ പീപ്ൾസ് ഫ്രണ്ടിന് (എൻ.പി.എഫ്) നാല് സീറ്റുകളാണുള്ളത്.