കോൽക്കത്ത: പശ്ചിമ ബംഗാളിൽ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ്. കൂച്ച് ബിഹാറിലേക്ക് പോയ കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിസിത് പ്രമാണികിന്റെ വാഹനവ്യൂഹത്തിനുനേരെയാണ് കല്ലേറുണ്ടായത്. കൂച്ച് ബെഹാറിൽ നിന്നുള്ള എംപിയാണ് പ്രമാണിക്.
ആക്രമണത്തിൽ കേന്ദ്രമന്ത്രിയുടെ എസ്യുവിയുടെ മുൻവശത്തെ ചില്ല് തകർന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടി വന്നു.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. കേന്ദ്രമന്ത്രി പോലും സുരക്ഷിതനല്ലെങ്കിൽ ബംഗാളിൽ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കുമെന്നും ബംഗാളിലെ ജനാധിപത്യത്തിന്റെ അവസ്ഥയാണ് ഇതു സൂചിപ്പിക്കുന്നതെന്നും പ്രമാണിക് പറഞ്ഞു. പാർട്ടിയുടെ പ്രാദേശിക ഓഫിസിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്.
ബിഎസ്എഫ് നടത്തിയ വെടിവയ്പ്പിൽ ഗോത്രവിഭാഗക്കാരൻ കൊല്ലപ്പെട്ടതിൽ ജനം കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ പ്രമാണിക്കിനെതിരെ പ്രതിഷേധിച്ചിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി കൂച്ച് ബെഹാറിൽ റാലി നടത്തിയിരുന്നു. പ്രമാണിക്കിനെതിരെ രൂക്ഷമായ വിമർശനമാണ് റാലിയിൽ അദ്ദേഹം ഉന്നയിച്ചത്.