പത്തനംതിട്ട: ബൈക്കില്‍ കാലുവെച്ചതിന് വിദ്യാര്‍ത്ഥികളെ കുത്തിപരിക്കേല്‍പ്പിച്ചു. തിരുവല്ല കുന്നന്താനം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളായ വൈശാഖ്, എല്ബിന് എന്നിവരെയാണ് ബിഎസ്എന്‍എല്‍ ജീവനക്കാരനായ അഭിലാഷ് കുത്തിപരിക്കേല്‍പ്പിച്ചത്. ഇന്നു രാവിലെ കുന്നന്താനം ബിഎസ്എന്‍എല്‍ ഓഫീസിന് സമീപത്തുവച്ചായിരുന്നു സംഭവം.
ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളാണ് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കാലുവച്ചത്. ഇതു കണ്ടെത്തിയ അഭിലാഷ് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതേ തുടര്‍ന്ന് ഇയാള്‍ തിരികെ പോയി പേനാക്കത്തിയുമായി എത്തി വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു. വയറിനും നെഞ്ചിലും കുത്തേറ്റ വിദ്യാര്‍ത്ഥികള്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.