കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ഭാവന ഷറഫുദ്ദിന് ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ നെക്കുറിച്ചുള്ള സംവിധായകന് മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന മനോഹര ചിത്രമെന്നാണ് മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചത്.
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തിയ ഭാവനയുടെ കണ്ടു പരിചയിച്ച കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ പക്വതയുള്ള ഒരു കഥാപാത്രത്തെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ സിനിമയില്‍ കാണാന്‍ കഴിഞ്ഞതെന്ന് മേജര്‍ രവി പറയുന്നു. ഒരു ചെറിയ ആശയത്തില്‍ നിന്ന് ഉടലെടുത്ത ചിത്രമാണെങ്കില്‍ പോലും ഒരു കൊച്ചു കുട്ടിക്ക് പോലും സന്തോഷത്തോടെ ഇരുന്ന് ഈ ചിത്രം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് മേജര്‍ രവി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്നലെ ഞാനൊരു സിനിമ കാണുകയുണ്ടായി. ‘ന്റെ ഇക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു’…
ചെന്നൈയില്‍ വെച്ചാണ് ഞാനീ സിനിമ കണ്ടത്. എന്തുകൊണ്ടോ എനിക്കത് വളരെയധികം ഇഷ്ടപ്പെട്ടു.
കുട്ടിക്കാലത്തെ സ്കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന പ്രണയകാലം ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രം. ആ കാലത്തുണ്ടാകുന്ന പ്രണയത്തിന് ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടതായി വരും. കാരണം അയല്വക്കക്കാര് കണ്ടാലോ മാഷുമാര് കണ്ടാലോ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. വീട്ടുകാര്‍ അറിഞ്ഞാല്‍ പിന്നെ ഉണ്ടാകുന്ന പുകിലുകള് പറയേണ്ടതില്ലല്ലോ.. ഇതൊക്കെ ഞാന്‍ അനുഭവിച്ചിട്ടുള്ളതാണ്. സത്യം പറഞ്ഞാല്‍ ചിത്രം കണ്ടപ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ മനസ്സിലൂടെ കടന്നു പോയി.
ഈ ചിത്രത്തില്‍ എന്നെ സ്വാധീനിച്ച മറ്റൊന്ന് ഷറഫു ചെയ്ത കഥാപാത്രമാണ്. സഹോദര ബന്ധത്തിന്റെ മൂല്യം വളരെ അധികം കാത്ത് പരിപാലിക്കുന്നുണ്ട് ഈ ചിത്രത്തില്‍.. ഇതുപോലൊരു കുഞ്ഞിപെങ്ങള്‍ എനിക്കും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനും ആഗ്രഹിച്ചുപോയി ഒരുപാട്.
ഏതൊരു അച്ഛനും തനിക്ക് പറ്റാതെ പോയ കാര്യങ്ങള്‍ സ്വന്തം മകനിലൂടെ നേടണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാലമായിരുന്നു അന്ന്. അതില്‍ കൂടി കടന്നു പോകുന്ന ഒരു വ്യക്തിയെ നമുക്ക് ഈ ചിത്രത്തില്‍ കാണാം.
ഒരു ചെറിയ ആശയത്തില്‍ നിന്ന് ഉടലെടുത്ത ചിത്രമാണെങ്കില്‍ പോലും ഒരു കൊച്ചു കുട്ടിക്ക് പോലും സന്തോഷത്തോടെ ഇരുന്ന് ഈ ചിത്രം കാണാന്‍ പറ്റും.. വൃത്തികെട്ട വാക്കുകളോ അസംസ് കാരികമായ സാഹചര്യങ്ങളും ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല.
ഹിന്ദു – മുസ്ലീം പ്രണയത്തിലൂടെ കടന്നു പോകുമെങ്കിലും ഒരിക്കലും ജാതികളെക്കുറിച്ച് ഈ ചിത്രം പരാമര്‍ശിക്കുന്നില്ല. മറിച്ച് മനുഷ്യ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന ഒരു ചിത്രമാണിത്. ഒരു ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രത്യേകതയും ഈ ചിത്രത്തിലുണ്ട്. കണ്ടു പരിചയിച്ച കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ പക്വതയുള്ള പെണ്‍കുട്ടിയെയാണ് ഈ ചിത്രത്തില്‍ ഭാവന അവതരിപ്പിക്കുന്നത്. ഷറഫു എന്ന കൊച്ചു പയ്യനായി ഞാനെന്നും മനസ്സില്‍ കരുതിയിരുന്ന വ്യക്തി ഇത്രയും പക്വതയോടു കൂടി, ഒരു നല്ല സഹോദരനായി, നല്ല കാമുകനായി, ഏതൊരു വ്യക്തിക്കുമുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ സംഭവിക്കുമെങ്കിലും ആ പഴയകാല പ്രണയത്തിന് വില കൊടുക്കുന്നു. അതിനുവേണ്ടി എന്തും സഹിക്കാന്‍ തയ്യാറാകുന്ന ഒരു കഥാപാത്രമായി കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി.
ഒരിക്കലും അഭിനയമാണെന്ന് തോന്നാത്ത വിധം വളരെ നാച്ചുറല്‍ ആയിരുന്നു ഷറഫു. അതുപോലെതന്നെ ഷറഫുവിന്റെ കുഞ്ഞു പെങ്ങള് ഒരു രക്ഷയുമില്ല! ആ കൊച്ചു കുട്ടി മനസ്സില്‍ തങ്ങിനില്ക്കുന്നു. ഷറഫുവിന്റെ അച്ഛനായി വന്ന അശോകനെ ഇങ്ങനെ ഒരു അച്ഛനായി കണ്ടതില്‍, കാരണം അശോകനെ എന്നും എനിക്കിഷ്ടമായിരുന്നു. അശോകന്റെ ഈ ഒരു കഥാപാത്രം വളരെയധികം ഇഷ്ടപ്പെട്ടു. ഇതുപോലൊരു അച്ഛന് എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും. ആ മാനസിക സംഘര്‍ഷങ്ങളെ ശരിക്കും ഉള്‍ക്കൊണ്ടുപോകുന്ന ഒരച്ഛന്. ഈ കാലഘട്ടത്തിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്.
ഇതില്‍ അഭിനയിച്ചിരിക്കുന്ന ഭാവന, ഷറഫു, കൊച്ചു പെണ്‍കുട്ടി, അശോകന് തുടങ്ങി എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും especially to the Director and the scriptwriter, അഭിനന്ദനങ്ങള്‍. Sharaf U Dheen
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fblackcatravi%2Fposts%2Fpfbid02Ni5cPsyYsfp42eoQeWyBfauVHxHTv5hs2annebFyQb7vVSqZAPKq1KhHeu5SDzFBl&show_text=true&width=500