പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പോസ്റ്റിട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ആറന്മുള സ്വദേശി സിബിൻ ജോണസനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനങ്ങളിലെ പല ഭാഗങ്ങൾ എഡിറ്റ് ചെയ്ത് തെറ്റിധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരത്ത് നിന്നുള്ള സൈബർ പൊലീസ് ആറന്മുളയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യാനാണ് നിലവിലെ തീരുമാനം.
അതേസമയം മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കൊല്ലത്ത് ആറ് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. ഉച്ച മുതൽ തന്നെ ജില്ലയിൽ വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.
സംസ്ഥാന സെക്രട്ടറി ആർ എസ് അബിൻ ഉൾപ്പെടെയുള്ളവരെയാണ് തടങ്കലിൽ ആക്കിയത്. അതിനിടെ ആർ.വൈ.എഫ് പ്രവർത്തകൻ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കോളേജ് ജംഗഷന് തൊട്ടടുത്ത് നിന്നാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.